മാള: പുത്തൻചിറയിൽ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. പൊലീസിനെ കബളിപ്പിക്കാൻ, മോഷണവിവരം സ്വയം വിളിച്ചറിയിച്ച പ്രതിയുടെ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് പൊലീസ് പൊളിച്ചടുക്കിയത്. പുത്തൻചിറ സ്വദേശിയായ ആദിത്താണ് (20) മാള പൊലീസിന്റെ പിടിയിലായത്.
പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ ടീച്ചറുടെ (77) വീട്ടിൽ അതിക്രമിച്ചു കയറി അഞ്ചു പവനോളം തൂക്കം വരുന്ന സ്വർണമാല കവരുകയായിരുന്നു. ടീച്ചറുമായും കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി, ഇവരുടെ പഠനസഹായം കൈപ്പറ്റിയിരുന്നു. ഭർത്താവിന്റെ പ്രായാധിക്യവും മക്കൾ ദൂരെയാണെന്നതും മനസ്സിലാക്കിയാണ് ആദിത്ത് മോഷണം ആസൂത്രണം ചെയ്തത്. ഇരുട്ടിൽ പതുങ്ങിയെത്തി പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ടീച്ചർ തിരിഞ്ഞുനോക്കാതിരിക്കാൻ കഴുത്തിൽ ബലമായി പിടിച്ചമർത്തിയപ്പോൾ ശ്വാസംമുട്ടിയ ടീച്ചർ മാലയിൽ പിടിച്ചുവലിച്ചു. ഇതോടെ പൊട്ടിപ്പോയ മാലയുടെ ഒരു ഭാഗം ടീച്ചറുടെ കൈയിൽ ലഭിച്ചിരുന്നു. മോഷണശേഷം പ്രതി മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല ഉരുക്കി സ്വർണക്കട്ടിയാക്കി നാലര ലക്ഷം രൂപക്ക് വിറ്റു.
ഓൺലൈൻ ട്രേഡിങ്ങിലുണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഘട്ടത്തിൽ, നാട്ടിൽ മറ്റേതോ കള്ളന്റെ സാന്നിധ്യമുണ്ടെന്ന് വരുത്തിത്തീർക്കാനായി ആദിത്ത് നാടകങ്ങൾ മെനഞ്ഞു. തന്റെ വീട്ടിൽ ആരോ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീയിടാൻ ശ്രമിച്ചെന്നും മറ്റൊരിക്കൽ അജ്ഞാതൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കഥകൾ പ്രചരിപ്പിച്ചു. ഈ വിവരങ്ങളെല്ലാം പൊലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.
എന്നാൽ, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മാള സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർമാരായ കെ.ടി. ബെന്നി, എം.എസ്. വിനോദ് കുമാർ, കെ.ആർ. സുധാകരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ഡി. ദിബീഷ്, വി.ജി. സനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.