പൂരദിവസങ്ങളിൽ സിറ്റി പൊലീസ് ‘ഡിജിറ്റലൈസ്ഡ് പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം’ വഴി ക്രമീകരിച്ച പാർക്കിങ് ഗ്രൗണ്ടുകളിൽ ഒന്ന്
തൃശൂർ: പൂരത്തിന് സിറ്റി പൊലീസ് ഏർപ്പെടുത്തിയ ‘ഡിജിറ്റൽ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റ’ത്തിന് പൂരപ്രേമികളുടെ കൈയടി. മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി വാഹന പാർക്കിങ് സംവിധാനം കുറ്റമറ്റതായിരുന്നുവെന്ന പ്രശംസ എല്ലാവരും പങ്കുവെക്കുന്നു. പൂരം കാണാൻ മറ്റു ജില്ലക്കാരും ഇതര സംസ്ഥാനക്കാരുമടക്കം എത്തുന്നതിനാൽ പാർക്കിങ് പലപ്പോഴും പ്രശ്നമാകാറുണ്ട്. പാർക്കിങ് ഗ്രൗണ്ടുകൾ ഏതെല്ലാം, അവിടേക്ക് എങ്ങനെ എത്താം, അവിടെ പാർക്ക് ചെയ്യാൻ ഇടമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം പതിവാണ്. ‘ഡിജിറ്റലൈസ്ഡ് വെഹിക്കിൾ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം’ എന്ന സംവിധാനത്തിലൂടെയാണ് ഇത്തവണ സിറ്റി പൊലീസ് ഇതിന് പരിഹാരം കണ്ടത്.
പൂരം ഒരുക്കങ്ങൾക്കൊപ്പം സിറ്റി പൊലീസ് അണിയറയിൽ സംസ്ഥാനത്തെ ആദ്യ ഡിജിറ്റലൈസ്ഡ് വെഹിക്കിൾ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്താൻ ഒരുങ്ങിയിരുന്നു. ആദ്യപടിയായി നഗരത്തിനകത്തും സമീപപ്രദേശങ്ങളിലുമുള്ള കോർപറേഷന്റെയും ആരാധനാലയങ്ങളുടെയും വ്യക്തികളുടെയും പാർക്കിങ് സ്ഥലങ്ങളും ഒഴിഞ്ഞ പറമ്പുകളും ഏറ്റെടുത്തു. പൊലീസ് ഏർപ്പെടുത്തിയ 41 പാർക്കിങ് സ്ഥലങ്ങൾ പൂരത്തിന് രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പൂരദിവസങ്ങളിൽ ഇവിടെ പാർക്ക് ചെയ്ത വാഹനയുടമകളെ പൊലീസ് രൂപകൽപന ചെയ്ത ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിൽ വാഹന നമ്പറും ഡ്രൈവറുടെ മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യിക്കുകയും ഈ നമ്പറിലേക്ക് രജിസ്ട്രേഷൻ വിവരവും പാർക്ക് ചെയ്ത സ്ഥലത്തിന്റെ ഗൂഗ്ൾ മാപ്പ് ലൊക്കേഷനും ലഭ്യമാക്കുകയും ചെയ്തു. ഇതുവഴി സ്ഥലം പരിചയമില്ലാത്തവർക്ക് വാഹനം പാർക്ക് ചെയ്തിടത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിഞ്ഞു.
പല സ്ഥലത്തുനിന്നും രജിസ്റ്റർ ചെയ്യുന്ന പാർക്കിങ് വിവരങ്ങൾ ഒരു വെബ്സൈറ്റ് ലിങ്ക് വഴി എല്ലാവർക്കും കാണാനും അവസരമൊരുക്കി. ഇതുവഴി പാർക്കിങ് കേന്ദ്രങ്ങളിൽ എത്ര വാഹനങ്ങൾ പാർക്ക് ചെയ്തു, അതിൽ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ എത്രയാണ്, ഇനി എത്രയെണ്ണം പാർക്ക് ചെയ്യാം എന്ന കൃത്യ വിവരങ്ങൾ അപ്പപ്പോൾ അറിയാൻ സഹായകമായി. സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു സംവിധാനം വിജയകരമായി പരീക്ഷിച്ചതിന്റെ സംതൃപ്തിയിലാണ് സിറ്റി പൊലീസും അണിയറ പ്രവർത്തകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.