ചാമക്കാല സ്കൂളിൽ പി.ടി.എ വിളിച്ചു ചേർത്ത യോഗത്തിൽനിന്ന്
എടത്തിരുത്തി: കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന ദുരിതാശ്വാസ ക്യാമ്പുമൂലം അധ്യയനം മുടങ്ങുന്നതിനെതിരെ സ്കൂൾ പി.ടി.എ കമ്മിറ്റി രംഗത്ത്. ഇതുസംബന്ധിച്ച് പൂർവ വിദ്യാർഥികൾ അധ്യാപകർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാട്ടുകാർ എന്നിവരുടെ അടിയന്തിര യോഗം പി.ടി.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, പഞ്ചായത്ത് കമ്യൂണിറ്റി ഹാളും ഉണ്ടെന്നിരിക്കെ സ്ഥലപരിമിതി മൂലം പ്രയാസമനുഭവിക്കുന്ന ചാമക്കാല സ്കൂളിനെ ക്യാമ്പിനായി തിരഞ്ഞെടുത്തത് നീതിക്ക് നിരക്കാത്തതാണെന്ന് യോഗം വിലയിരുത്തി. 175ലധികം പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്. സ്കൂൾ തുറന്ന് ഒരു മാസം തികയും മുമ്പേ അധ്യയനം മുടങ്ങിയതു മൂലം വിദ്യാർഥികളും അധ്യാപകരും, രക്ഷിതാക്കളും ആശങ്കയിലാണ്.
കൂടാതെ സ്കൂൾ പരിസരത്ത് വലിയതോതിൽ മാലിന്യ നിക്ഷേപമുണ്ടായിട്ടുണ്ട്. ഇത് നീക്കം ചെയ്യുന്നതിന് അധികൃതർ നടപടിയുമെടുത്തിട്ടില്ല. സ്കൂൾ അധികൃതരും, വാർഡ് മെമ്പറും ഇക്കാര്യങ്ങൾ പഞ്ചായത്തധികൃതരെ നിരവധി തവണ നേരിട്ട് ബോധിപ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. വിഷയത്തിൽ അടിയന്തിരമായി നടപടിയെടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകൾ എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകുവാനും യോഗത്തിൽ തീരുമാനമായി. പി.ടി.എ പ്രസിഡന്റ് സി.ബി അബ്ദുസമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രഞ്ജി ടി. പരമേശ്വരൻ, പ്രധാനധ്യാപകൻ എം.രാജേഷ്, വാർഡ് മെമ്പർ കെ.എസ്. അനിൽകുമാർ, വിദ്യാലയ സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ. ഹംസ, ഒസാക്സ് പ്രസിഡന്റ് എം.സി.എം താജുദ്ദീൻ, വികസന സമിതി കൺവീനർ പ്രഫുല്ല ചന്ദ്രൻ, കെ.വി ഹരിദാസ്, കെ.കെ. അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.