നെല്ല് സംഭരണം നിലച്ചു; ഹൃദയം നുറുങ്ങി കർഷകർ

ആമ്പല്ലൂർ: സപ്ലൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ പുതുക്കാട് മണ്ഡലത്തിലെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ടൺ നെല്ല്. ഒന്നരമാസമായി കൊയ്തെടുത്ത വിരിപ്പൂ കൃഷിയുടെ നെല്ലാണ് പറമ്പുകളിലും വീട്ടുമുറ്റത്തും കിടക്കുന്നത്. സൂക്ഷിക്കാൻ ഇടമില്ലാതെ പല കർഷകരുടെയും നെല്ല് നശിക്കുകയാണ്.

തുടർച്ചയായി പെയ്ത മഴയിൽ നെല്ല് ഉണക്കി സൂക്ഷിക്കാനും കർഷകർ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. അളഗപ്പനഗർ, മറ്റത്തൂർ, വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലായി ഇത്തരത്തിൽ നൂറുകണക്കിന് ടൺ നെല്ലാണ് ചാക്കുകളിൽ നിറച്ച് സൂക്ഷിക്കുന്നത്. പലിശക്കെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയും കൃഷിയിറക്കിയ കർഷകരാണ് ഇതോടെ കടക്കെണിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ, പൂക്കോട്, പച്ചളിപ്പുറം പാടശേഖരങ്ങളിൽ മാത്രം നൂറിലേറെ ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. 200 ഓളം കർഷകർ രാപ്പകലില്ലാതെ കൃഷി ചെയ്തെടുത്ത നെല്ല് സംഭരിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കർഷകർക്കുള്ളത്.

വിരിപ്പൂ കൃഷി ചെയ്ത ശേഷം ഒരു മാസം മുമ്പ് മുണ്ടകൻ കൃഷിയിറക്കിയ കർഷകർക്ക് ഏറെ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നത്. മില്ലുകൾ സംഭരിച്ചു നൽകിയ നെല്ലിന്‍റെ കുടിശ്ശിക സപ്ലൈകോ കൊടുത്തുത്തീർക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കാട്ടുപന്നിശല്യവും കനത്ത മഴയും മൂലം വിളവ് കുറഞ്ഞ വിരിപ്പൂ കൃഷിയുടെ നെല്ല് പല കർഷകരും പറമ്പുകളിലും മുറ്റത്തുമിട്ടാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ഉണക്കിയെടുക്കുന്നത്. മഴ പെയ്താൽ ഈ നെല്ല് മുഴുവൻ നശിച്ചുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഒരേക്കർ കൃഷിയിറക്കാൻ 40,000 രൂപയോളമാണ് ചെലവ്.

സപ്ലൈകോ ഒരു കിലോ നെല്ല് 28 രൂപ 20 പൈസക്കാണ് സംഭരിക്കുന്നത്. ഇതിൽ ഓരോ കാരണങ്ങൾ പറഞ്ഞ് രണ്ട് ശതമാനം വീണ്ടും കുറക്കും. ഈ സാഹചര്യത്തിൽ സ്വകാര്യ മില്ലുകളുടെ ചൂഷണവും കർഷകർ നേരിടുന്നുണ്ട്. കെട്ടിക്കിടക്കുന്ന നെല്ല് 18 രൂപ നിരക്കിൽ സ്വകാര്യ മില്ലുകൾക്ക് കൊടുത്ത കർഷകരും ഏറെയാണ്. നെല്ല് സംഭരണം വേഗത്തിൽ തീർത്ത് കർഷകരുടെ ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതികൾ അധികൃതർക്ക് പരാതി നൽകി.

Tags:    
News Summary - paddy storage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.