അജിമുദ്ദീൻ
അൻസാരി
തൃശൂർ: ദേശസാൽകൃത ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. മാഡഗോമുണ്ട മുർളി പഹാരി വില്ലേജ് സ്വദേശി അജിമുദ്ദീൻ അൻസാരി (26) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ടിൽനിന്നാണ് ഏഴ് തവണകളിലായി 3,69,300 രൂപ തട്ടിയെടുത്തത്. സ്ത്രീയുടെ പരാതിയെ തുടർന്ന് തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പണം തട്ടിയെടുത്തത് ഝാർഖണ്ഡിൽനിന്നാണെന്ന് കണ്ടെത്തിയിരുന്നു.
2023 ഫെബ്രുവരിയിൽ പരാതിക്കാരിക്ക് ബാങ്കിൽ നിന്നെന്ന് പറഞ്ഞ് ഫോൺ കോൾ വരികയും ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതാനും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പരാതിക്കാരി പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ച് അത് ലഭിച്ചിരുന്നതിനാൽ സംശയം തോന്നിയില്ല. ബാങ്കിന്റേതാണെന്ന് വിശ്വസിപ്പിച്ച് ഫോണിൽ ഒരു ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് സൂത്രത്തിൽ ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കുകയായിരുന്നു. ഏഴു തവണകളായി അക്കൗണ്ടിൽനിന്ന് 3,21,300 രൂപയും ക്രെഡിറ്റ് കാർഡിൽനിന്ന് 48,000 രൂപയുമാണ് തട്ടിയെടുത്തത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫ്, സബ് ഇൻസ്പെക്ടർ ആർ.എൻ. ഫൈസൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് എൻ. ശങ്കർ, സി.പി.ഒമാരായ വി.ബി. അനൂപ്, കെ. അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫോണിലേക്ക് വരുന്ന വിളികളോട് ജാഗ്രതയോടെ പ്രതികരിക്കുക. കുറ്റവാളികൾ പ്രലോഭിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ, സഹായം വാഗ്ദാനം ചെയ്തോ സ്വകാര്യ-ബാങ്കിങ് വിവരങ്ങൾ ചോർത്തിയെടുത്ത് അതുപയോഗിച്ച് പണം തട്ടിയെടുത്തേക്കാം. ബാങ്കുകളിൽനിന്ന് വിളിച്ച് അക്കൗണ്ട് നമ്പർ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി, പിൻ എന്നിവ ചോദിക്കുകയില്ല. ഇവ ആരുമായും പങ്കിടരുത്. ഇത്തരം കാര്യങ്ങൾക്ക് ബാങ്ക് ശാഖകളിൽ നേരിട്ട് ബന്ധപ്പെടുക. ഫോണിൽനിന്ന് വിവരങ്ങൾ ചോർത്തുന്നതിനായി സൈബർ കുറ്റവാളികൾ അയച്ചുതരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അരുത്.
ഇതുപയോഗിച്ച് കമ്പ്യൂട്ടറിന്റേയും മൊബൈൽ ഫോണിന്റേയും നിയന്ത്രണം കുറ്റവാളികൾ കരസ്ഥമാക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.