ഇരിങ്ങാലക്കുട: പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ മില്ലുടമകളോ ഏജന്റുമാരോ തയാറാകാത്തതോടെ പ്രതീക്ഷകള്‍ നശിച്ച അവസ്ഥയിലാണ് മുരിയാട് പാടശേഖരത്തിലെ കര്‍ഷകർ. പുല്ലൂര്‍ പള്ളിക്ക് സമീപമുള്ള സെന്റ് സേവിയേഴ്സ് സ്കൂള്‍ ഗ്രൗണ്ടിലും പള്ളിപറമ്പിലുമൊക്കെയായി ടണ്‍ കണക്കിന് നെല്ലാണ് സംഭരിക്കാൻ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്.
മുരിയാട് പഞ്ചായത്തിലെ കൃഷിഭവന് കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകരാണ് കണ്ണീരും കൈയുമായി കഴിയുന്നത്. 80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ആശ്രമം, ബാബു കോലങ്കണ്ണി, ശേഖരന് കോച്ചേരി, ബിജു ചിറയത്ത്, വിക്രമന് അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന് തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരുടെയും ഗതി ഇതുതന്നെ.
കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണം പണയംവെച്ചും പണം കണ്ടെത്തി കൃഷിയിറക്കിയവരുടെ ഇവർ. നെല്ല് ഇനി എന്ന് സംഭരിക്കുമെന്ന് നിശ്ചയമില്ല. നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് അയക്കുന്ന സമയത്ത് വളരെ കൂടുതൽ കിഴിവാണ് മില്ലുടമകള്‍ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്. ഉണങ്ങിക്കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല.
അതിനാല്‍ തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാനാണ് സപ്ലൈകോ ഉദ്യോഗസ്ഥരും മില്ലുടമകളും ഏജന്റുമാരും ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് കര്‍ഷകരുടെ ചോദ്യം. ഇപ്പോഴും പാടശേഖരത്തില്‍ കൊയ്ത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കാലടിയിലെ മില്ലുകാരാണ് ഈ മേഖലയില്‍നിന്നുള്ള നെല്ല് കൂടുതലായും സംഭരിച്ചിരുന്നത്. മഴ വരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോള്‍ നെല്ലുണക്കിയും കര്‍ഷകര്‍ പാടുപെടുകയാണ്.
ഒരുമഴ പെയ്താല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുതിര്‍ന്നുപോകുന്ന സ്ഥിതിയാണ്. മില്ലുകാര്‍ വന്ന് നെല്ല് പരിശോധിച്ചെങ്കിലും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുകയാണ്. സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷിമന്ത്രിയും കലക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് കര്‍ഷകരെ സഹായിച്ച് മില്ലുകാർ എത്രയും വേഗം നെല്ല് ഏറ്റെടുക്കാനും പണം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായി സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.