മാള വടമയിലെ സബ് രജിസ്ട്രാർ ഓഫിസ് കാര്യാലയം
മാള: തകർച്ച ഭീഷണിയിലായ കെട്ടിടം പൊളിച്ചു നീക്കി ആധുനിക രീതിയിൽ നിർമാണം നടത്തിയ മാള സബ് രജിസ്ട്രാർ ഓഫിസ് നോക്കുകുത്തിയാവുന്നു. ജനറേറ്ററില്ലാത്തതിൽ ഓഫിസ് മിക്കപ്പോഴും ഇരുട്ടിലാണ്. മഴക്കാലം തുടങ്ങിയതോടെ വൈദ്യുതി മുടക്കം പതിവായതാണ് പ്രതിസന്ധിയായത്. 1.10 കോടി ചെലവഴിച്ചാണ് നിർമാണം നടത്തിയത്. വൈദ്യുതി നിലക്കുന്നതോടെ സബ് രജിസ്ട്രാർ കാര്യാലയത്തിന്റെ പ്രവർത്തനം താറുമാറാവുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
ജനറേറ്റർ ആവശ്യപ്പെട്ട് വകുപ്പു മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, മാള വടമയിലെ കാര്യാലയത്തിൽ രജിസ്റ്റർ നടപടികൾ നടത്താൻ ജനറേറ്റർ വാടകക്ക് എടുത്തതായി സൂചനയുണ്ട്. പ്രവാസികളാണ് ജനറേറ്റർ വാടക്ക് എടുത്തതെന്നാണ് അറിയുന്നത്.
സബ് രജിസ്ട്രാർ ഓഫിസുകളിൽ യു.പി.എസ് ബാറ്ററി തകരാറിലായത് സംബന്ധിച്ചും പരാതികളുണ്ട്. അതേസമയം, ബാറ്ററികളുടെ സ്വാഭാവിക തകരാർ മാത്രമാണുള്ളതെന്നും അടുത്തമാസം വർക്കിങ് ഗ്രൂപ്പ് യോഗം നടത്തിയശേഷം തകരാറുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഐ.ജി ഓഫിസിലെ ഐ.ടി വിഭാഗം സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ കാര്യാലയത്തിന്റെ മുൻവശം വെള്ളക്കെട്ടിലായി ചെളി നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.