നിഖിൽ ദാമോദരന്‍റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പ്രാതൽ വിതരണം

തെരുവ് ജീവിതങ്ങളുടെ ഹൃദയമൂട്ടി നിഖിൽ; ദൗത്യത്തിന് ഒരു വയസ്സ്

തൃശൂർ: രാജ്യം അടച്ചുപൂട്ടിയിട്ട മഹാമാരിയുടെ കഴിഞ്ഞ ലോക്ഡൗൺകാലം. തേക്കിൻകാട്ടിൽ അന്നദാനമണ്ഡപത്തിന് മുന്നിലെ തെരുവ് ജീവിതങ്ങൾക്കരികിലേക്ക് പൊതിച്ചോറുകളുമായെത്തിയ ചെറുപ്പക്കാരോട് അവർ പറഞ്ഞു, 'മക്കൾക്ക് കഴിയുമെങ്കിൽ രാവിലെ എന്തെങ്കിലും എത്തിച്ച് തരുവോ? ഉച്ചക്ക് ആരെങ്കിലും തരും. രാവിലെ വല്ലതും കഴിച്ചിട്ട് കാലം കൊറേയായി'. ഹൃദയത്തെ മുറിവേൽപ്പിച്ച വാക്കുകൾ.

വൈകിയില്ല, അടുത്ത ദിവസം മുതൽ നഗരത്തിൽ കഴിയുന്ന തെരുവ് ജീവിതങ്ങൾക്കരികിലേക്ക് ഇഡലിയും ഉപ്പുമാവും സാമ്പാറും ചട്ണിയുമൊക്കയായി പ്രഭാതഭക്ഷണമെത്തി. മഴയിലും മഞ്ഞിലും ഉറ്റവർ വിടപറഞ്ഞ ഘട്ടത്തിലും മുടക്കാത്ത ആ ദൗത്യത്തിന് ഒരു വസ്സായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റും എൻ.എസ്.യു ദേശീയ കോഓഡിനേറ്ററുമായ നിഖിൽ ദാമോദരന്‍റെ നേതൃത്വത്തിലാണ് തൃശൂർ നഗരത്തിലെ തെരുവ് ജീവിതങ്ങൾക്ക് പ്രാതൽ വിളമ്പുന്നത്.

ആദ്യഘട്ടങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു പ്രാതൽ വിതരണം. നിഖിലിന്‍റെയും സുഹൃത്തുക്കളുടെയും ശ്രമം കണ്ട് പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും വിവരമറിഞ്ഞ് കൂടെ കൂടുന്നവരുമൊക്കെയായി സഹായവുമായെത്തിയതോടെ ആഴ്ചയിൽ എല്ലാ ദിവസവും വിതരണം ചെയ്യുന്നുണ്ട്. വീടുകളിൽ തയാറാക്കുന്ന ഭക്ഷണം പൊതികളിലാക്കി സ്വരാജ് റൗണ്ടിലും തേക്കിൻകാട്ടിലും നെഹ്റു പാർക്കിന് മുൻവശത്തുമെല്ലാം രാവിലെ എട്ടോടെ തന്നെ വിതരണം ചെയ്യും. പാഠം ഒന്ന് ഒരു കൈ സഹായം എന്ന പേരിൽ നിർധനരായ അർബുദ രോഗികൾക്ക് മരുന്നെത്തിക്കുന്ന ദൗത്യവും നിഖിലും സഹപ്രവർത്തകരും ഏറ്റെടുത്തിട്ടുണ്ട്.

 

Tags:    
News Summary - Nikhil feeds street life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.