രാഹുൽ
തൃശൂർ: നിരവധി ലഹരി കേസുകളിലെ പ്രതിക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് ചുമത്തി. തുടർച്ചയായി ലഹരിക്കേസുകളിൽ പ്രതിയായ തൃശൂർ ചിയ്യാരം ചെമ്പകപ്പുള്ളി രാഹുലിനെയാണ് (30) സിറ്റി പൊലീസ് പിറ്റ് എൻ.ഡി.പി.എസ് ചുമത്തി ജയിലിലടച്ചത്. 2019, 2023, 2025, 2026 എന്നീ വർഷങ്ങളിലെ എൻ.ഡി.പി.എസ് കേസുകൾ പരിഗണിച്ചാണ് പിറ്റ് എൻ.ഡി.പി.എസ് ചുമത്തിയത്. പ്രതിക്കെതിരെ ടൗൺ ഈസ്റ്റ്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് എന്നീ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളും നിലവിലുണ്ട്.
2019ൽ പീച്ചി മണ്ടൻചിറയിൽ രാഹുൽ ഉൾപ്പെടെ നാലുപ്രതികളെ 226.130 കിലോഗ്രാം കഞ്ചാവുമായി തൃശൂർ എക്സൈസ് പിടികൂടിയിരുന്നു. 2023ൽ തൃപ്രയാറിൽ രാഹുൽ ഉൾപ്പെടെ അഞ്ച് പ്രതികളെ 3.380 ഗ്രാം എം.ഡി.എം.എയും 9.150 ഗ്രാം കഞ്ചാവുമായി വലപ്പാട് പൊലീസ് പിടികൂടിയിരുന്നു. 2025ൽ തൃശൂർ സിറ്റി പൊലീസ് ഡാൻസാഫ് സ്ക്വാഡ് ഒല്ലൂരിൽ രാഹുലിൽനിന്ന് അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു.
തുടർന്ന് ചികിത്സക്ക് കോടതിയിൽനിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഈ സമയം ചേർപ്പ് പൊലീസ് സ്റ്റേഷനിലെ എക്സ്േപ്ലാസീവ് ആക്ട് കേസിൽ പ്രതിയായി. പിറ്റ് എൻ.ഡി.പി.എസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത സമയം പ്രതിയിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്ത് വീണ്ടും എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചേർത്ത റിപ്പോർട്ടിലാണ് ആഭ്യന്തരവകുപ്പ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തിയതും റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതുമാണ്.
മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാവുന്ന നിയമമാണ് എൻ.ഡി.പി.എസ്. കൂടുതൽ പേർക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനായുള്ള നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.