മാള: മാള ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ഫിറ്റ്നസ് സാക്ഷരത ഗ്രാമപഞ്ചായത്തും മാള ബ്ലോക്ക് പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ഫിറ്റ്നസ് സാക്ഷരത ബ്ലോക്ക് പഞ്ചായത്തും ആക്കാനുള്ള ‘മാള കമ്യൂണിറ്റി ഫിറ്റ്നസ് പദ്ധതി’ മാള ഹോളിഗ്രേസ് അക്കാദമിയിൽ തുടക്കമാകുന്നു.
എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തുന്ന കൂട്ടയോട്ടം, യോഗ, എയ്റോബിക്സ്, പൈലേറ്റ്സ്, ഫ്രീക്കോത്തോണ്, സുംബ എന്നിവയുടെ സൗജന്യ കോച്ചിങ് എന്നിവയുൾപ്പെട്ട ‘മാളത്തോൺ’ പദ്ധതിയാണ് നടപ്പാക്കുന്നത്. മാള നിവാസികൾക്കായി 42.2 കിലോമീറ്റർ ഓടുകയോ നടക്കുകയോ ജോഗിങ്ങിനോ സാധ്യമാകുന്ന വിധത്തിൽ മാസത്തിൽ ‘എന്റെ മാരത്തൺ ചലഞ്ച്’, വാർഡുകളിൽ കളിസ്ഥലങ്ങൾ കണ്ടെത്തുകയും കായിക പങ്കാളിത്തത്തിനായി പൊതു ഉപയോഗത്തിനായി മാപ്പ് ചെയ്യും.
വീടുതോറുമുള്ള ഫിറ്റ്നസ് ബോധവത്കരണ കാമ്പയിനുകള്‍, ശനിയാഴ്ചകളിൽ തിരഞ്ഞെടുത്ത വേദികളില്‍ മാസ് യോഗ/ എയ്റോബിക്സ്/ സുംബ/ പൈലേറ്റ്സ് അല്ലെങ്കില്‍ അനുയോജ്യമായ മറ്റേതെങ്കിലും വ്യായാമങ്ങള്‍ നടത്തും. 2024 മേയ് 31ന്, ഇന്ത്യയിലെ ആദ്യത്തെ ‘100 ശതമാനം ഫിറ്റ്നസ് ലിറ്ററേറ്റ് പഞ്ചായത്ത്’ ആയി മാളയെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
മാള കമ്യൂണിറ്റി ഫിറ്റ്നസ് പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാള ഹോളി ഗ്രേസ് കാമ്പസിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിക്കും. ഹോളി ഗ്രേസ് ഗ്രൂപ് ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിക്കും. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു മുഖ്യാതിഥിയാകും.
സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ബി.ടി. സിജിൻ പദ്ധതി അവതരണം നിർവഹിക്കും. ഹോളി ഗ്രേസ് സ്പോർട്സ് അക്കാദമി മേധാവി റസീന ഇഖ്ബാൽ, ഹോളിഗ്രേസ് ഗ്രൂപ് സെക്രട്ടറി ബെന്നി ജോൺ, അക്വാട്ടിക് ആൻഡ് സ്പോർട്സ് ക്ലബ് ചെയർമാൻ ആന്റണി മാളിയേക്കൽ, ഹോളിഗ്രേസ് ഗ്രൂപ് ഫിസിക്കൽ എജുക്കേഷൻ മേധാവി പി.എം. ജ്യോതിഷ് എന്നിവർ സംസാരിക്കും. മാള പഞ്ചായത്ത് ഭരണസമിതിയിലെ വനിത അംഗങ്ങളും ഹോളി ഗ്രേസ് കോളജിലെ വിദ്യാർഥിനികളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കോട്ടക്കൽ വി യുനൈറ്റഡ് ടർഫ് മൈതാനത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.