മാള കടവിന്റെ പുരാതന നട സംരക്ഷിക്കപ്പെടാത്ത നിലയിൽ (ഫയൽ ചിത്രം)
മാള: ചരിത്രമുറങ്ങുന്ന മാള കടവിന് ശാപമോക്ഷമായില്ല. പുരാതന കാലത്ത് ദ്വീപായിരുന്ന മാളയിലേക്ക് വിവിധ വിഭാഗക്കാരും സംസ്കാരങ്ങളും കടന്നുവന്ന വഴിയാണ് ഈ കടവ്. കടവിന്റെ പുനരുദ്ധാരണം, ബോട്ടുജെട്ടി നിർമാണം, ജലപാതയുടെ പുനരുജ്ജീവനം, കടവിന് സമീപമുള്ള യഹൂദ സിനഗോഗ് നവീകരണം എന്നിവ മുസ് രിസ് പ്രോജക്ടുകളുടെ ഭാഗമായി നടപ്പാവുമെന്ന സ്വപ്നം പഴങ്കഥയാവുകയാണ്.
നെയ്തകുടി, പുത്തൻചിറ, പൊയ്യ, കൃഷ്ണൻകോട്ട, കോട്ടപ്പുറം എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി മാളയിലെത്തി അവസാനിക്കുന്നതാണ് മാള ചാലിന്റെ ഘടന. 2020ൽ കോട്ടപ്പുറം കായലിൽനിന്ന് മാള ചാലിലേക്ക് ബോട്ട് ട്രയൽ നടത്തിയിരുന്നു.
കടവിൽനിന്ന് വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവിസ് നടത്തുന്നതിന് ഇതോടെ വഴിയൊരുങ്ങിയതായി അധികൃതരുടെ പ്രഖ്യാപനം വന്നിരുന്നു. യഹൂദ പൈതൃക പ്രദേശങ്ങൾ സന്ദർശിക്കാൻ നിരവധി വിദേശികൾ ഇവിടെ എത്തുന്നുണ്ട്. ജലപാത വഴി ഇവർക്ക് പറവൂർ ജൂതസിനഗോഗ് സന്ദർശനവും സാധ്യമാവും.
മാള കിഴക്കേ അങ്ങാടിയിലെ ഗൗഡസാരസ്വ ബ്രാഹ്മണസമൂഹത്തിന്റെ ക്ഷേത്രം, തോമാശ്ലീഹയുടെ പാദസ്പർശനമേറ്റ അമ്പഴക്കാട് ചർച്ച്, മാള ഫൊറോന ചർച്ച്, ഇന്ത്യയിലെ രണ്ടാമത്തെ ജുമാമസ്ജിദായി അറിയപ്പെടുന്ന മാള ജുമാമസ്ജിദ്, പ്രസിദ്ധിയാർജിച്ച വടമ മേയ്ക്കാട് മന എന്നിങ്ങനെ നിരവധി ആരാധനാലയങ്ങളുടെ നിർമാണത്തിന് മാള കടവുമായി ബന്ധമുണ്ട്.
കനോലി കനാൽ വഴി ചേറ്റുവ പൊന്നാനി, കായംകുളം എന്നിവിടങ്ങളിലേക്ക് ബോട്ട് സർവിസ് നിലവിലുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. നേരത്തേ ചാലക്കുടി, വെള്ളിക്കുളങ്ങര, കോടാലി, കൊരട്ടി തുടങ്ങിയ നിരവധി പ്രദേശങ്ങളിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങൾ മാള കടവ് വഴിയാണ് ചരക്കുനീക്കം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.