ചെന്ത്രാപ്പിന്നി: മൂന്നു പതിറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ ജീർണാവസ്ഥക്ക് പരിഹാരമായത് നവകേരള സദസ്സിൽ. വർഷങ്ങളായി ജീർണാവസ്ഥയിലായിരുന്ന കനോലി കനാലിന് കുറുകെയുള്ള ചെന്ത്രാപ്പിന്നി മധുരമ്പുള്ളിപ്പാലമാണ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയത്. കാട്ടൂർ-എടത്തിരുത്തി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നവകേരള സദസ്സിലൂടെ ജീവൻ വെച്ചത്.
കൈവരികളും അടിത്തട്ടും തകർന്ന് ബീമുകളിലെ കോൺക്രീറ്റ് ഇളകി തുരുമ്പിച്ച കമ്പികൾ പുറത്തു കാണുന്ന നിലയിലായിരുന്ന പാലം മുപ്പത് വർഷം മുമ്പ് നാട്ടുകാർ പണം സ്വരൂപിച്ച് നിർമിച്ചതാണ്.
നാട്ടുകാർ നിർമിച്ചതിനാൽ പഞ്ചായത്ത് രേഖകളിൽ പാലത്തിന്റെ രേഖകൾ ലഭ്യമായിരുന്നില്ല. നിലവിലെ പാലത്തിന്റെ സ്ഥിതി നവകേരള സദസ്സിന്റെ ഭാഗമായി നടന്ന കുടുംബയോഗത്തിൽ പ്രദേശവാസികൾ ഇ.ടി. ടൈസൺ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പാലം നവീകരണത്തിന് തുടക്കമായത്. എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ച് നവീകരണത്തിന് തുക കണ്ടെത്തുകയായിരുന്നു.
പുതുവത്സര ദിനത്തിൽ നാടിന് സമർപ്പിക്കുന്ന മധുരമ്പിള്ളി പാലം സഞ്ചാരയോഗ്യമാക്കിയെങ്കിലും ഭാവിയിൽ വാഹനങ്ങളുൾപ്പെടെ കൊണ്ടുപോകാനുള്ള പുതിയ പാലത്തിന് ശ്രമം തുടരുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.