തൃശൂർ: ‘ലൈറ്റ് ഫോര്‍ നൈറ്റ് ലൈഫ്’ പദ്ധതിയിൽ ആറ് മാസത്തിനകം 50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യ നഗരമായി തൃശൂർ മാറുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശൂർ കോർപറേഷൻ അങ്കണത്തിൽ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയിരുന്നു മന്ത്രി.
തൃശൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയായി മാറുകയാണ്. നഗര ശുചിത്വത്തിനും സൗന്ദര്യവത്കരണത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്കി വിവിധ പദ്ധതികള്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വിധത്തിൽ തൃശൂരിൽ നടന്നുവെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ തെരുവുവിളക്ക് പരിപാലനത്തിന് വൈദ്യുതി ചാര്‍ജ് ഇനത്തിലും മെയിന്റനന്‍സിനും വലിയ തുകയാണ് കോര്പറേഷന് നല്‍കിവരുന്നത്. അതേസമയം പല പ്രദേശങ്ങളിലും ആവശ്യത്തിന് വെളിച്ചം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ഇത് പരിഹരിക്കാൻ ‘ആര്‍ട്കോ’യുമായി സഹകരിച്ച് വൈദ്യുതി ചാര്‍ജ് മാത്രം നല്കി 10 വര്‍ഷത്തേക്ക് മെയിന്റനന്‍സ് ഉള്‍പ്പെടെ നല്കുന്ന കരാറാണ് കോർപറേഷൻ ഉണ്ടാക്കിയത്. 55 ഡിവിഷനിലും ഡിജിറ്റല്‍ സര്‍വേ നടത്തി എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കും.
ഹൈ മാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ ഇതിലുണ്ട്. രണ്ട് മാസത്തിനകം സർവേ പൂർത്തിയാക്കിയ നാല് മാസത്തികം 50,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആര്‍ട്കോ ചെയർമാൻ വി.എസ്. അനൂപ് പറഞ്ഞു. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി കരാർ കൈമാറി. സ്ഥിരം ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സൺ, കരോളിൻ ജെറീഷ് പെരിഞ്ചേരി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, രാഹുൽനാഥ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.