കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വലിയവിളക്കിന് തെളിഞ്ഞ ലക്ഷദീപം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് പള്ളിവേട്ട. ക്ഷേത്രോത്സവം സമാപനത്തിലേക്കു നീങ്ങുമ്പോള്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നാദതാളലയങ്ങളാല് മുഖരിതമായ അന്തരീക്ഷം പട്ടണത്തിനും കൈവരുന്നു. ഇന്നാണ് ദേവന് ആദ്യമായി ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളുന്നത്.
ഉത്സവത്തിലെ അവസാന ശീവേലി എഴുന്നള്ളിപ്പ് ഇന്ന് രാവിലെ 8.30ന് കിഴക്കേ നടയില്‍ ആരംഭിക്കും. 17 ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവാന്റെ എഴുന്നള്ളിപ്പ് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തില്‍ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ നടക്കാറുള്ള മുളപൂജ പള്ളിവേട്ട ദിവസമായ ഇന്നുണ്ടാവില്ല. പതിവുപോലെ ശീവേലി കഴിഞ്ഞ് ഉച്ചക്ക് 12.30ന് അകത്തു കയറുന്ന ദേവന് രാത്രി എട്ടരയോടെ പള്ളിവേട്ടക്കെഴുന്നള്ളുകയാണ്. അത്താഴപൂജക്ക് ആവാഹിച്ചെഴുന്നള്ളിച്ച് ശ്രീഭൂതബലി തൂവിക്കഴിഞ്ഞാല്‍ കൊടിമരച്ചുവട്ടില്‍വെച്ച് ദേവന്റെ അനുവാദം വാങ്ങി പള്ളിവേട്ടക്ക് പാണികൊട്ടുന്നു. ദേവന് തന്റെ അനുചരന്മാരെയുംകൊണ്ട് ഹിംസ്രജന്തുക്കളെ നാമാവശേഷമാക്കാന്‍ പുറപ്പെടുന്നതിന്റെ പ്രതീകമാണിത്. പാണി കഴിഞ്ഞാല്‍ ഗോപുരദ്വാരത്തിലും ആല്‍ത്തറയിലും ബലിതൂകി പള്ളിവേട്ട ആല്‍ത്തറയിലേക്ക് ദേവന് എഴുന്നള്ളും. നെറ്റിപ്പട്ടം അണിയാത്ത ഒരാന മുമ്പിലും തന്ത്രിയും പരികര്മിയും പരിവാരങ്ങളും തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരനും അകമ്പടി സേവിക്കുന്ന ഉള്ളാനകളടക്കമുള്ള നാലു ഗജവീരന്മാരും എന്ന ക്രമത്തിലായിരിക്കും പള്ളിവേട്ട ആല്‍ത്തറയിലേക്കുള്ള യാത്ര. ഉത്സവകാലത്ത് ക്ഷേത്ര മതില്കെട്ടിന് പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് കേരള പോലീസ് കിഴക്കേനടയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
പള്ളിവേട്ടക്ക് എഴുന്നള്ളുന്നത് പൂര്‍ണ നിശബ്ദതയിലാണ്. ശബ്ദമുണ്ടാകാതിരിക്കാനായി ആനയുടെ കഴുത്തിൽ മണികളോ ചങ്ങലയോ അണിയിക്കാറില്ല. എഴുന്നള്ളിപ്പ് ആല്ത്തറക്കല് എത്തിച്ചേരുമ്പോള്‍ ഒരു പന്നിയുടെ കോലം കെട്ടിയുണ്ടാക്കി ദേവന് അമ്പെയ്ത് കൊല്ലുകയാണ്. ഇതാണ് പള്ളിവേട്ട. ഇതോടനുബന്ധിച്ച് എട്ടു ദിക്കിലേക്കും ബലിതൂകലുമുണ്ട്. തിന്മയെ ഉന്മൂലനം ചെയ്ത് നന്മയെ സ്ഥാപിക്കുകയെന്നതാണു പള്ളിവേട്ടയുടെ ലക്ഷ്യം. പള്ളിവേട്ട കഴിഞ്ഞ് ഗംഭീര പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ദേവന് തിരിച്ചെഴുന്നള്ളുന്നത്.
പരക്കാട് തങ്കപ്പമാരാരുടെ നേതൃത്വത്തിലാണു പഞ്ചവാദ്യം നടക്കുക. എഴുന്നള്ളിപ്പ് കുട്ടംകുളം പരിസരത്തെത്തിയാല് പഞ്ചവാദ്യം അവസാനിച്ച് പാണ്ടിമേളം ആരംഭിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് പള്ളിക്കുറുപ്പ്. ഇന്നലെ നടന്ന വലിയവിളക്കാഘോഷത്തിന് ക്ഷേത്രത്തിലെ എല്ലാ വിളക്കുകളിലും ജ്വാല തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.