ചി​റ​കൊ​ടി​ഞ്ഞ് കു​ഴൂ​ര്‍ കോ​ഴി​ത്തീ​റ്റ ഫാ​ക്ട​റി ‘നി​റ​വ് കെ​പ്‌​കോ ഫീ​ഡ്സ്’ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ

മാള: കുഴൂര്‍ കോഴിത്തീറ്റ ഫാക്ടറി ‘നിറവ് കെപ്‌കോ ഫീഡ്സ്’ പ്രവർത്തനം പുനരാരംഭിക്കാനായില്ല. ഇതോടെ സർക്കാർ വാഗ്ദാനങ്ങൾ ജലരേഖയായി. നൂറോളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ സാധ്യത വാഗ്ദാനം നൽകിയ ഫാക്ടറിയാണ് സ്തംഭിച്ചത്. അര ലക്ഷം കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം 160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്‍പാദിപ്പിക്കാന്‍ ഇവിടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഗുണനിലവാരമുള്ള കോഴിത്തീറ്റ ലഭ്യമാക്കാൻ അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ 1993ലാണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്.

ഇതിന് മാള കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി. ഫാക്ടറിയുടെ തറക്കല്ലിടല്‍ കെ. കരുണാകരന്‍ തന്നെയാണ് നടത്തിയത്. ഫാക്ടറിക്ക് 217.20 ലക്ഷം രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം പ്രതീക്ഷിച്ച ബാങ്ക് വായ്പ ലഭ്യമാവാതിരുന്നത് വിനയായി. പ്ലാന്റിന്റെ ജോലി നിലച്ചു. ഉയര്‍ത്തിയ പില്ലറുകളും ബീമുകളും മഞ്ഞും മഴയും വെയിലുമേറ്റ് നശിക്കാൻ തുടങ്ങി. മൂന്ന് വർഷത്തിനുശേഷം അന്നത്തെ സർക്കാർ ഫീഡ് മിക്‌സിങ് പ്ലാന്റ് നിർമിക്കാൻ അനുമതി നൽകി ഉത്തരവിറക്കി. പദ്ധതി കൺസൽട്ടന്റായി കിറ്റ്കോയെ നിയമിച്ചു.

പദ്ധതിയുടെ 65 ശതമാനം തുകയും ബാങ്ക് വായ്പ ആയിരുന്നു. ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിച്ചതോടെ കൺസൽട്ടൻസി പ്രവർത്തനം പാതിവഴിയിൽ നിലച്ചു. 2011ൽ അധികാരത്തിൽ വന്ന സർക്കാർ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി കോഴിത്തീറ്റ ഫാക്‌ടറിയുടെ നിർമാണം മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു.

പദ്ധതിയുടെ കൺസൽട്ടൻസി ആയി കിറ്റ്കോയെ വീണ്ടും നിയമിച്ചു. 2012 ആഗസ്റ്റിൽ കിറ്റ്കോ സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം 22.63 കോടിയാണ് പദ്ധതി പൂർത്തീകരണത്തിന് വേണ്ടി വരുന്നതെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.

കോഴിത്തീറ്റ ഉൽപാദന പ്ലാന്റിന്റെ ബാക്കി പണികൾ പൂർത്തീകരിക്കുന്നതിനും, ട്രയൽ റൺ, വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം എന്നിവക്കായി പല പ്രാവശ്യം സാമ്പത്തിക സഹായം തേടി സർക്കാറിന് അപേക്ഷകൾ സമർപ്പിച്ചു.

എന്നാൽ, തുക ലഭിക്കാത്തതിനാൽ ഉൽപാദനം തുടങ്ങാൻ കഴിയാതെ വരികയും, എസ്റ്റിമേറ്റ് തുക വർധിക്കുകയും ചെയ്‌തു. പിന്നീട് 2016ലെ സർക്കാർ ഉത്തരവ് പ്രകാരം 17.974 കോടി രൂപയുടെ ഭരണാനുമതി പുതുക്കി നിശ്ചയിച്ചു. ഭരണാനുമതി ലഭിച്ചുവെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാൽ ബാക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനോ ഉൽപാദനം ആരംഭിക്കാനോ സാധിച്ചില്ല. അതിനിടെ, കിറ്റ്കോ ട്രയൽ റൺ നടത്താൻ ഏൽപിച്ച മെസേഴ്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചില വാദങ്ങൾ ഉന്നയിച്ച്​ കോടതിയെ സമീപിക്കുകയും പ്രവർത്തനങ്ങൾ കോടതി തടയുകയും ചെയ്തു.

അതേസമയം, കുഴൂര്‍ കോഴിത്തീറ്റ ഫാക്ടറി പ്രവർത്തനം നിലച്ചതിനു കാരണം കോടതിയിൽനിന്നും അനുകൂല നിർദേശം വരാത്തതിനാലാണെന്ന് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി പറയുന്നു.

Tags:    
News Summary - Kuzhur-Chicken-Feed-Factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.