രണ്ട് തുരങ്കപാതയും ഗതാഗതത്തിന് തുറന്ന കുതിരാനില്‍നിന്ന്...

കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു

തൃശൂർ: റോഡ് നിര്‍മാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു. വ്യാഴാഴ്ച ഉച്ചയക്ക് 12.35ന് കലക്ടര്‍ ഹരിത വി. കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തുരങ്കം ഗതാഗതത്തിന് തുറന്നത്.

കുതിരാന്‍ രണ്ടാം തുരങ്കം ജനുവരി 20ന് തുറക്കണമെന്ന് കാണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നതായി കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും എം പിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നാണ് രണ്ടാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായത്.

രണ്ടു മാസം കൊണ്ട് അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണ സജ്ജമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ല വികസന കമ്മീഷണര്‍ അരുണ്‍ കെ. വിജയന്‍, അസി. കലക്ടര്‍ സുഫിയാന്‍ അഹമ്മദ് എന്നിവരും കുതിരാനില്‍ എത്തിയിരുന്നു.

ഗതാഗത ക്രമീകരണത്തിനായി രണ്ടാം തുരങ്കം തുറന്നതോടെ തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഇതിലൂടെ പോകും. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.

ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇപ്പോള്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രണ്ടാം തുരങ്കം തുറക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ടോള്‍ പിരിവ് കാര്യത്തില്‍ തീരുമാനം എടുക്കുക. രണ്ടാം തുരങ്കത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്‍എച്ച് അതോറിറ്റി ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ മന്ത്രിമാരും എംപിയും പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു, ടി.എന്‍. പ്രതാപന്‍ എം.പി, കലക്ടര്‍ ഹരിത വി. കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യ, നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Kuthiran second tunnel opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.