അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ്

ജനപ്രിയ ജനീഷിനെ കാത്ത് കൊടുങ്ങല്ലൂർ

മാള: ഉപജീവനത്തിന് സെയിൽസ്മാനായും സെക്യൂരിറ്റി ജീവനക്കാരനായുമൊക്കെ ജോലി ചെയ്യുമ്പോൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല ഈ ചെറുപ്പക്കാരൻ 2026ലെ നിയമസഭയിൽ താനൊരു മന്ത്രിയാകുമെന്ന്. കാലം ചിലർക്കൊക്കെ കാത്തുവെക്കുന്ന സൗഭാഗ്യം മാളക്കാരനായ 37കാരൻ ഒ.ജെ. ജനീഷിനെയും തേടിയെത്തുക തന്നെ ചെയ്തു. യുവജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലൂടെയും താഴെത്തട്ടിലെ ജനങ്ങളുമായുള്ള അടുത്ത ബന്ധത്തിലൂടെയും കേരള രാഷ്ട്രീയത്തിൽ അതിവേഗം വളർന്നുവന്ന ശ്രദ്ധേയനായ യുവനേതാവാണ് അഡ്വ. ഒ.ജെ. ജനീഷ്.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ താഴേത്തട്ടിൽനിന്ന് വളർന്നുവന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിർണായക പദവിയിലെത്തിയത് കഠിനാധ്വാനത്തിലൂടെയാണ്. സംഘടനയെ ചലിപ്പിക്കുന്നതിലും യുവജനങ്ങളെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിലും സജീവ പങ്ക് വഹിച്ചു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മണ്ഡലത്തിൽ മാളക്കാരൻ മന്ത്രിയാവുക എന്നതിൽ നാട് ഉത്സവ ലഹരിയിലാണ്. തലസ്ഥാനത്ത് നിന്ന് നാട്ടിലെത്തുന്ന തങ്ങളുടെ ഇഷ്ടതോഴന് വൻ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നാടും നാട്ടുകാരും.

1989ൽ മാളയിലാണ് ജനീഷ് ജനിച്ചത്. കുഴൂർ ഗവ. ഹൈസ്‌കൂൾ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പെരുമ്പാവൂർ, കൊരട്ടി ഗവ. പോളിടെക്‌നിക്കുകളിൽ പഠിച്ചു. തൃശൂർ ഗവ. ലോ കോളജിൽനിന്ന് ബി.ബി.എ, എൽ.എൽ.ബി ബിരുദം നേടി. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് അഭിഭാഷകനായിരുന്നു.

പെരുമ്പാവൂർ പോളിടെക്നിക്കിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായാണ് തുടക്കം. 2007ൽ കെ.എസ്.യു മാള നിയോജക മണ്ഡലം പ്രസിഡന്റായി. 2012ൽ തൃശൂർ ജില്ല വൈസ് പ്രസിഡന്റായും 2017ൽ ജില്ല പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2010 മുതൽ 2012 വരെ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020 മുതൽ 2023 വരെ തൃശൂർ ജില്ല പ്രസിഡന്റായി മികച്ച രീതിയിൽ പ്രവർത്തിച്ചു. സംഘടനയുടെ നിരവധി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി. 2025 ഒക്ടോബറിൽ കോൺഗ്രസ് ദേശീയ നേതൃത്വം ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.

കേരളത്തിലെ യുവജന പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുന്നതിൽ ഈ പദവി അദ്ദേഹത്തിന് നിർണായകമായി. 2016 മുതൽ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ വി.ആർ. സുനിൽകുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജനീഷ് പരാജയപ്പെടുത്തിയത്.

Tags:    
News Summary - Kodungallur awaits the popular Janish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.