കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്ക്
കാഞ്ഞാണി: ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസില്ലാത്തതിനാൽ കാഞ്ഞാണി സെന്റർ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാത കടന്നുപോകുന്ന കാഞ്ഞാണിയിൽ പതിവായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോം ഗാർഡിനെ മാറ്റിയതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കിയത്. രാവിലെയും വൈകീട്ടും പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം വരും. വിഷുവിന് സദാസമയവും വാഹനങ്ങളുടെ നീണ്ട വരിയാണ്. നാലുറോഡുകൾ വന്നുചേരുന്ന ഇവിടെ നാലുഭാഗത്തുനിന്ന് വാഹനങ്ങൾ വന്നുചേരുന്നതാണ് ഗതാഗതത്തെ തടസ്സപ്പെടുത്തുന്നത്. ഇതുമൂലം ജോലിക്ക് പോകുന്നവരാണ് കൂടുതൽ ദുരിതം നേരിടുന്നത്. ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവാണ്. ട്രാഫിക് പൊലീസില്ലാത്തതിനാൽ ബസ് ജീവനക്കാർ ഗതാഗത നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ട്. അന്തിക്കാട് പെരിങ്ങോട്ടുകര റോഡും ഏനാമാവ് ഗുരുവായൂർ റോഡും ഒത്തുചേരുന്നതാണ് കാഞ്ഞാണി സെന്റർ. റോഡിന്റെ വീതി കുറവും യാത്രക്ക് തടസ്സമാകുന്നുണ്ട്. റോഡ് വീതി കൂട്ടിയുള്ള വികസനം എങ്ങുമെത്തില്ല. മാറി വരുന്ന സർക്കാറുകൾ റോഡ് വീതി കൂട്ടാനുള്ള കാര്യക്ഷാമമായ ഒരു നടപടിയും കൈകൊളുന്നില്ല.
റോഡിന്റെ വികസനത്തിന് ശബ്ദിക്കാൻ വിവിധ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചെങ്കിലും കമ്മിറ്റിയുടെ പ്രവർത്തനം നിർജീവമാണ്. ഭാരവാഹികൾ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമാരായിട്ടും റോഡിന്റെ വികസനത്തിന് മുറവിളി കൂട്ടാനോ ഒരു ചെറുവിരൽ അനക്കാനോ ഇവർ തയാറാകുന്നില്ല.
അതേസമയം, കാഞ്ഞാണി ജങ്ഷനിൽ ഹോം ഗാർഡിനെയും ആവശ്യമുള്ള പൊലീസിനെയും വിന്യസിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡി.ഐജിക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.