ജോസ് പായമ്മലും കലാലയം രാധയും
തൃശൂര്‍: കച്ചവട സാധ്യതകളില്‍ കണ്ണുവെച്ച് ഇരുന്നിരുന്ന തൃശൂരുകാരെ നാടക ആസ്വാദന രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്ന കലാലയം രാധയും ഓർമയായി. ഒരുകാലത്ത് തൃശൂര്‍ പൂരം എക്‌സ്ബിഷനില്‍ വൈകീട്ട് അരങ്ങേറുന്ന ജോസ് പായമ്മലിന്റെ നാടകം കാണാന്‍ വേണ്ടി മാത്രമായി ടിക്കറ്റെടുത്ത് പ്രദര്‍ശന നഗരിയില്‍ എത്തിയിരുന്ന നാടക ആസ്വാദകര്‍ ഉണ്ടായിരുന്നു.
ജോസിന്റെയും പെണ്ണിന്റെയും ഡയലോഗുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം വൈകീട്ട് എത്തുന്ന നാടക പ്രേമികളെ പൂരപ്രദര്‍ശന നഗരിയിലേക്ക് എത്തിച്ചത് ജോസ് പായമ്മലിന്റെ നിമിഷ നാടകങ്ങളായിരുന്നു. സ്‌ക്രിപ്റ്റില്ലാതെ അവസരത്തിനൊപ്പം സംഭാഷണം പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന ജോസും ഭാര്യ രാധയും സഹോദരി ലീലയും നാടകാസ്വദകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.
സമകാലിന വിഷയങ്ങളെ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കാനുള്ള കഴിവ് കാണികളെ കൈയിലെടുത്തിരുന്നു. ഇവരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയരാവാത്ത പ്രമുഖര്‍ കുറവായിരുന്നു. സാമ്പത്തിക ലാഭം എന്നതിലുപരി ഏറെ പേരെ ആകര്‍ഷിക്കാനായതിന്റെ ആത്മസംത്യപ്തിയാണ് ആ നാടകങ്ങളിലുടെ തനിക്ക് ലഭിച്ചതെന്ന് ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോസ് പായമ്മല്‍ പറഞ്ഞിരുന്നു.
2024 ആഗസ്റ്റില്‍ പ്രസീദ്ധികരിച്ച കുടുംബം വാരികയിലാണ് ‘നാടകമീജീവിതം’ അഭിമുഖത്തിലൂടെ ഈ ദമ്പതികള്‍ തങ്ങളുടെ നാടക ജീവിതത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍, ഈ പുസ്തകം ആശുപത്രി കിടക്കയിലിരുന്നാണ് ജോസ് പായമ്മല്‍ വായിച്ചത് വൈകാതെ അദ്ദേഹം വിടപറയുകയായിരുന്നു.
1960ല്‍ ആരംഭിച്ച നാടക ജീവിതം 2010വരെ നീണ്ടുപോയി. വേദികളില്‍നിന്ന് വേദികളിലേക്കും ഷൂട്ടിങ് ലോക്കേഷനിലെക്കുമുള്ള യാത്രകളിലെല്ലാം ജോസും രാധയും ഒരുമിച്ചായിരുന്നു. അതുക്കൊണ്ടുതന്നെ ജോസിന്റ വിയോഗത്തോടെ കലാലയം രാധയും അരങ്ങില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു.
നാടകോത്സവങ്ങളുടെ ആരംഭകാലത്ത് ‘കടലിന്റെ കളിപ്പാട്ടം’ നാടകത്തിലൂടെ മികച്ചനടിയായി ഒരു പവന്‍ സമ്മാനം നേടിയതാണ് രാധയെ തേടി എത്തിയ ആദ്യ അംഗീകാരം അതെ നാടകത്തിന്റെ സംവിധാനത്തിന് ജോസ് പായമ്മലിന് അരപവന്‍ സമ്മാനം ലഭിച്ചു.
സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള രാധക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചിട്ടുള്ള രാധ 300ലധികം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.