പട്ടിക്കാട്: ദേശീയപാതയിൽ കല്ലിടുക്ക് മുതൽ കുതിരാൻ വരെ ആറ് കിലോമീറ്ററോളം ദൂരത്തിൽ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലോടെ പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് കുരുക്ക് തുടങ്ങിയത്. ഇതേ തുടർന്ന് ഇതുവഴിയുള്ള നിരവധി സ്വകാര്യ ബസുകൾ സർവിസ് നിർത്തി.
അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കല്ലിടുക്ക്, മുടിക്കോട് എന്നീ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ ഗതാഗത നിയന്ത്രണമാണ് ദേശീയപാതയിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് മുഖ്യ കാരണം. മൂന്ന് വരിയായി വരുന്ന വാഹനങ്ങൾ ഒറ്റവരിയായി സർവിസ് റോഡിലൂടെയാണ് ഈ ഭാഗത്തുകൂടി കടത്തി വിടുന്നത്. മാത്രമല്ല കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെ പ്രധാന പാതയിൽ ഇരുഭാഗത്തേക്കും ഒറ്റവരിയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സർവിസ് റോഡിൽ കുഴി രൂപപ്പെട്ടതും കുരുക്കിന് കാരണമായതായി ഡ്രൈവർമാർ പറയുന്നു.
വലിയ വാഹനങ്ങൾ വഴുക്കുംപാറ-തോണിക്കൽ-ഉറവുംപാടം-കന്നുകാലിചാൽ റോഡിലൂടെ പോകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അമിത ഭാരവുമായി വരുന്ന ടിപ്പർ ലോറികൾ പാലങ്ങൾക്ക് ഭീഷണിയാകും. അപകട സാധ്യതയും കൂടുതലാണ്. ഭാരപരിധിയുള്ള വാഹനങ്ങൾ മാത്രമേ ഇതിലേ പോവാൻ സാധിക്കുകയുള്ളൂ. മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഉച്ചക്ക് ഒന്നരയോടെ ഹൈവേ പൊലീസും പീച്ചി പൊലീസും ചേർന്ന് വാഹനം നിയന്ത്രിച്ച് ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.