തങ്കമുത്തു, അയ്യപ്പൻ
തൃശൂർ: പടിഞ്ഞാറെ കോട്ടയിൽ പട്ടാപകൽ വീട് പൊളിച്ച് സ്വർണവും വെള്ളിയും കവർന്ന കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ പ്രതികൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ താമസിക്കുന്ന സ്ത്രീയുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും കവർന്ന കേസിലെയും നിരവധി മോഷണകേസുകളിൽ പ്രതികളുമായ തങ്കമുത്തു (45) അയ്യപ്പൻ (43) എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സഗോക് ടീമും തൃശൂർ വെസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ സൌത്ത് പനവടാലി സ്വദേശികളായ സഹോദരങ്ങളാണ്.
മേയ് അഞ്ചിനാണ് സംഭവം. പരാതിക്കാരി വീട് പൂട്ടി പുറത്ത് പോയ നേരത്ത് വാതിൽ പൊളിച്ച് അകത്തു കയറിയ പ്രതികൾ അലമാരയിൽ ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു വൈകീട്ട് പരാതിക്കാരി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ആറ് ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പരാതി. സംഭവ സ്ഥലത്തെ ക്യാമറകൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ ചോദ്യം ചെയ്തും സമാന കുറ്റകൃത്യം ചെയ്തവരെ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പകൽസമയങ്ങളിൽ ആക്രി പെറുക്കനെന്ന വ്യാജന വീടുകളിൽ കയറിയിറങ്ങുകയും വീട്ടിൽ ആളുകളുണ്ടെങ്കിൽ എന്തെങ്കിലും പെറുക്കിയെടുത്ത് അവിടെ നിന്ന് പോകുകയും ആളില്ലെന്ന് മനസ്സിലാക്കിയാൽ മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. കേരളത്തിൽ വിവിധ ജില്ലകളിലായി 50ലധികം മോഷണകേസുകൾ ഇവർക്കെതിരെയുണ്ട്. ഈ മോഷണങ്ങളിൽ മുഴുവനും പകൽ സമയങ്ങളിലാണ് ചെയ്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമീഷണർ സേതു, അസിസ്റ്റന്റ് കമീഷണർ ശശിധരൻ, വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ റഹ്മാൻ എന്നിവരും തൃശൂർ സിറ്റി സഗോഗ് ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.കെ. പഴനി സ്വാമി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫിസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ എന്നിവരും വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ ലിപ്സൺ, സിവിൽ പോലീസ് ഓഫീസർ അഖിൽ വിഷ്ണു എന്നിവരുമാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.