നടുവിൽക്കരയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാതയോരത്ത് കാന കോരുന്നു
വാടാനപ്പള്ളി: കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ കഴിയാതെ നടുവിൽക്കര തെക്കൻ മേഖല മുങ്ങി. സംഭവത്തിൽ പ്രതിഷേധവുമായി വീട്ടമ്മമാർ രംഗത്തിറങ്ങിയതോടെ പഞ്ചായത്ത് ഇടപെട്ട് കാന വൃത്തിയാക്കി. വെള്ളം ഒഴുകി പോകാൻ കാനകൾ ഉണ്ടാക്കാതെ പുതിയ ദേശീയ പാത നിർമാണം നടത്തിയതാണ് മഴയിൽ കനത്ത വെള്ളക്കെട്ടിന് കാരണമായത്. പാടവും മുട്ടുകായലും തോടുകളും നികത്തിയാണ് പുതിയ 66 ദേശീയ പാത നിർമിച്ചത്. മഴയിൽ ഒഴുകി വരുന്ന വെള്ളം തോടുകൾ വഴി കനോലി പുഴയിലാണ് എത്തിയിരുന്നത്. തോടുകൾ അടച്ചതോടെ വെള്ളം ഒഴുകി പോകാൻ കഴിയാതെ പ്രദേശം വെള്ളത്തിലായി. നടുവിൽക്കരയിലേയും ദേശീയ പാതയോരത്തെയും 50ലധികം വീടുകളാണ് വെള്ളത്തിലായത്. വീടിനുള്ളിലേക്ക് വെള്ളം കയറുമെന്ന അവസ്ഥയാണ്. വെള്ളത്തിന് കറുത്ത നിറമാണെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളത്തിൽ ചവിട്ടുന്നതോടെ പലർക്കും ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. ഇത് കാരണം രോഗ ഭീഷണിയും ഇഴജന്തുക്കളുടെ ശല്യവും നിലനിൽകുന്നുണ്ട്. മഴ ഇനിയും കനത്താൽ കൂടുതൽ വീടുകൾ വെള്ളത്തിലാകുമെന്ന അവസ്ഥയാണ്. വെള്ളം കയറി കുടുംബങ്ങൾ ദുരിതത്തിലായതോടെയാണ് സിന്ധു, ഷൈലജ, ഷീല, സീനത്ത് കോമള എന്നിവരുടെ നേതൃത്വത്തിൽ വീട്ടമ്മമാരടക്കം നാട്ടുകാരും വാർഡ് അംഗം എം.എസ്. സുജിത്തും രംഗത്തിറങ്ങിയത്.
വാർഡ് അംഗം ഇടപെട്ടതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് ജെ.സി.ബി കൊണ്ടുവന്ന് വീട്ടമ്മമാരുടേയും വാർഡ് അംഗത്തിന്റെയും സാന്നിധ്യത്തിൽ കാന വൃത്തിയാക്കുകയായിരുന്നു. വെള്ളം ഒഴുക്കിവിടാൻ ഒരു കിലോമീറ്ററോളം ദൂരത്തിൽ കാന കോരേണ്ട അവസ്ഥയാണ്. ദേശീയ പാത നിർമാണത്തിന് മുമ്പ് ശാസ്ത്രീയമായ രീതിയിൽ കാന നിർമിക്കാതിരുന്നതാണ് വെള്ളം ഒഴുകിപ്പോകാതെ കനത്ത വെള്ളക്കെട്ടിന് കാരണമെന്നും കഴിഞ്ഞ മൂന്നു വർഷമായി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ്, വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ, ഒന്നാം വാർഡ് അംഗം സുദർശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.