മാപ്രാണം: വിദ്യാർഥിയെ അധ്യാപിക മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്ന പരാതിയുമായി രക്ഷിതാക്കള്‍. മാടായിക്കോണം ഗവ. യു.പി സ്കൂള്‍ പ്രധാനാധ്യാപികക്കെതിരെയാണ് പരാതി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്കും ജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനുമാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. വരാന്തയിലെ ചെരിപ്പ് കാലുകൊണ്ട് തട്ടിമാറ്റിയതിന് കുട്ടിയെ മണിക്കൂറുകളോളം തറയിലിരുത്തുകയും ഇനി ഞാന്‍ ചെരിപ്പ് തട്ടില്ല എന്ന് 100 പ്രാവശ്യം എഴുതിക്കുകയും ചെയ്തു എന്നാണ് ആരോപണം.
കുട്ടിക്കിപ്പോൾ സ്കൂളിലേക്ക് പോകാന്‍ താൽപര്യമില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. പി.ടി.എയോടും അധ്യാപകരോടും ഇക്കാര്യം പറഞ്ഞപ്പോള്‍ പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. രക്ഷിതാക്കളുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ സാന്ത്വനിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ തയാറായില്ലെന്നും പരാതി നല്‍കിക്കോളൂ എന്നായിരുന്നു മറുപടി എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. സ്കൂളിലെതന്നെ താൽക്കാലിക ജീവനക്കാരിയാണ് കുട്ടിയുടെ മാതാവ്.
പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. കുട്ടിയെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി വെച്ച് പൊയ്ക്കോളാന്‍ പറയുകയാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. എന്നാല്‍, ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പൊലീസിന് നേരിട്ട് കേസ് എടുക്കാന്‍ പറ്റാത്ത കുറ്റമായതിനാല്‍ കോടതി വഴി നടപടി സ്വീകരിക്കണമെന്നാണ് പരാതി കൊടുത്ത മാതാവിന് പൊലീസ് കൊടുത്ത നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.