മഹറോഷ് ജബാർ
തൃശൂർ: ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ മെഡലടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മഹറോഷ് ജബാർ. കുടുംബജീവിതത്തിനും ജോലിക്കുമായി 14 വർഷം മൈതാനത്തുനിന്ന് വിട്ടുനിന്ന ശേഷം ട്രാക്കിലേക്ക് മടങ്ങിയെത്തിയ മഹറോഷ്, മാസ്റ്റേഴ്സ് മീറ്റുകളിൽ മെഡലുകൾ കൊയ്തുകൊണ്ടാണ് വരവറിയിച്ചത്.
2023 ഫെബ്രുവരിയിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന നാഷനൽ മീറ്റിൽ ഹാമർ ത്രോയിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെള്ളിയും നേടിയ മഹറോഷ്, അതേ വർഷം ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സിൽ ഹാമർ ത്രോയിൽ ഇന്ത്യക്കായി വെള്ളി മെഡലും കരസ്ഥമാക്കി. നവംബർ അഞ്ചുമുതൽ ഒമ്പതുവരെ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിനുള്ള കഠിന പരിശീലനത്തിലാണ് താരമിപ്പോൾ.
ഏത് ആഗ്രഹവും ഒരു നാളിൽ പൂവണിയും
‘കഴിയില്ല’ എന്ന് സ്വയം വിശ്വസിച്ചിടത്തുനിന്നാണ് മഹറോഷിന്റെ കായികയാത്ര ആരംഭിക്കുന്നത്. തൊടുപുഴ ജയ് റാണി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ മാത്യു സർ തിരഞ്ഞെടുത്ത കുട്ടികൾക്ക് മാത്രം പരിശീലനം നൽകുന്നത് പുറത്തുനിന്ന് നോക്കിനിൽക്കുകയായിരുന്നു പതിവ്. ഒരു ദിവസം ധൈര്യം സംഭരിച്ച്, ‘ഞാനും ഓടാൻ കൂടിക്കോട്ടെ?’ എന്ന് ചോദിച്ചതാണ് മഹറോഷിന്റെ ജീവിതം മാറ്റിമറിച്ചത്.
തുടർന്നങ്ങോട്ട് ആത്മാർത്ഥതയും സമർപ്പണവും കൈമുതലാക്കിയുള്ള പരിശീലനമായിരുന്നു. ജോർജ് കുട്ടി, വി.എ. ജോർജ്, ജോർജ് പി. ജോസഫ് എന്നീ പരിശീലകരുടെ മാർഗനിർദേശത്തിൽ ഹാമർ ത്രോയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അർജുന അവാർഡ് ജേതാവ് പ്രീജ ശ്രീധരൻ, ദീപു മാത്യു, ടെസ്സി മോൾ തുടങ്ങിയ പ്രമുഖരെ വാർത്തെടുത്ത കെ.എ. ക്ലബിലൂടെയാണ് ഹാമർ ത്രോയുടെ അടിസ്ഥാന പാഠങ്ങൾ കരസ്ഥമാക്കിയത്.
സ്കൂൾ, സ്റ്റേറ്റ്, ജൂനിയർ മീറ്റുകളിൽ റെക്കോഡുകളോടെ മികച്ച പ്രകടനം കാഴ്ചവെച്ച മഹറോഷ്, തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ നിന്ന് ഡിഗ്രിയും പിജിയും പൂർത്തിയാക്കി. ജോയ് ജോസഫ്, നിഷാദ് കുമാർ, സത്യാനന്തൻ തുടങ്ങിയ പ്രമുഖ പരിശീലകർക്ക് കീഴിൽ വൈദഗ്ധ്യം നേടി.
ഇരുപതിലധികം തവണ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണമടക്കം നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇടുക്കി തൊടുപുഴ സ്വദേശിയായ മഹറോഷ്, ഇപ്പോൾ കുടുംബമായി കോഴിക്കോടാണ് താമസം. മുഹമ്മദ് ജമീൽ ആണ് ഭർത്താവ്. റിസ്വാൻ മുഹമ്മദ്, റസാൻ സൈനബ് എന്നിവരാണ് മക്കൾ. 14 വർഷത്തെ ഇടവേളക്കുശേഷമുള്ള തിരിച്ചുവരവ് ‘ഒരു പുതുജീവിതം പോലെ’ ആയിരുന്നുവെന്ന് മഹറോഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.