സുലൈഖ ചോദിക്കുന്നു, മകളുടെ മൃതദേഹത്തിൽനിന്ന് എട്ടര പവൻ മോഷ്ടിച്ചതാര്?

തൃശൂർ: തന്റെ മകളുടെ മൃതദേഹത്തിൽനിന്ന് എട്ടര പവൻ സ്വർണാഭരണം മോഷ്ടിച്ചത് ആരെന്ന് ചോദിച്ച് കാട്ടൂരി തൊപ്പിയിൽ വീട്ടിൽ സുലൈഖ. 2003ലാണ് സുലൈഖയുടെ മകൾ റംലത്ത് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തിയാണ് മൃതദേഹം ഖബറടക്കിയത്. റംലത്തിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ തഹസിൽദാരുടെ അറിവോടെ ഇരിങ്ങാലക്കുട ആർ.ഡി.ഒ ഓഫിസിൽ ഏൽപിച്ചിരുന്നുവെന്നാണ് അറിവെന്നും സുലൈഖ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സുലൈഖയുടെ പരാതിയിൽ അന്വേഷണം നടത്തി തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡി. ശെൽവകുമാർ 2023ൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആഭരണം സൂക്ഷിച്ചിരുന്ന തൃശൂർ സബ് ഡിവിഷനൽ കോടതിയിലെ സീനിയർ സൂപ്രണ്ട് സി.ആർ. ജയന്തി അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴിപ്രകാരം, 2004 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരാണ് സ്വർണം കവർന്നതെന്ന് പറയുന്നു. സ്വർണമല്ലാത്ത മറ്റു രണ്ട് ആഭരണങ്ങൾ കവറിൽവെച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ജയന്തി വ്യക്തമാക്കുന്നു. 2021 ആഗസ്റ്റ് 27നാണ് ജയന്തി ചുമതലയേറ്റെടുത്ത് ജോലിയിൽ പ്രവേശിച്ചത്.

ആഭരണങ്ങൾ വിട്ടുകിട്ടാൻ സുലൈഖ ഇരിങ്ങാലക്കുട ആർ.ഡി.ഒ കോടതിയിൽ 2021ൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് രേഖകള്‍ പരിശോധിച്ചത്. 2022 മാർച്ച് 22ന് അപേക്ഷക രേഖകൾ ഹാജരാക്കിയതുപ്രകാരം വസ്തുക്കൾ വിട്ടുകൊടുക്കാൻ ഏപ്രിലിൽ പാക്കറ്റുകൾ സൂക്ഷിച്ച അലമാര തുറന്നു പരിശോധിച്ചു. സ്വർണനിറമുള്ള മാലയും ഒരു ജോടി സ്റ്റഡില്ലാത്ത ജിമിക്കിയുമാണ് പാക്കറ്റിലുണ്ടായിരുന്നത്. പാക്കറ്റിൽ സ്വർണ തടവള ഉണ്ടായിരുന്നില്ല. അതിനാൽ സുലൈഖ ഈ വസ്തുക്കൾ സ്വീകരിച്ചില്ല. തുടർന്ന് ആർ.ഡി.ഒ 2023ൽ ആഭ്യന്തര പരിശോധന നടത്തി. ആർ.ഡി.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023 മാർച്ച് 25ന് ജില്ല കലക്ടർ ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി.

അതേസമയം, റംലയുടെ ഭർത്താവായിരുന്നയാൾ ആഭരണങ്ങൾ വിട്ടുകിട്ടാൻ വിദേശത്തുനിന്ന് എംബസി വഴി അപേക്ഷ നൽകി. സംഭവത്തിൽ അവകാശത്തർക്കം വന്നതോടെ ആഭരണങ്ങൾ വിട്ടുകൊടുക്കരുതെന്ന് കാട്ടൂർ എസ്.എച്ച്.ഒ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെന്നും അന്ന് സ്വീകരിച്ചില്ല. റംലയുടെ മൈനറായ കുട്ടികൾക്ക് ഇപ്പോൾ 18 വയസ്സ് കഴിഞ്ഞു. ആഭരണങ്ങൾ അവർക്ക് അവകാശപ്പെട്ടാണ്. അത് തിരിച്ചുനൽകണമെന്നാണ് സുലൈഖ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.

Tags:    
News Summary - gold theft on deadbody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.