വാടാനപ്പള്ളി: വേർപിരിഞ്ഞ് കഴിയുന്ന ഭാര്യയുടെ വീടിന് പരിസരത്തേക്ക് പോകുന്നതിനുള്ള വൈരാഗ്യത്താൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ റൗഡി ഷിഹാബും മൂന്ന് കൂട്ടാളികളും അറസ്റ്റിൽ. ചാവക്കാട് മണത്തല സ്വദേശി തെരുവത്ത് വീട്ടിൽ ഷിഹാബ് (47) ചാവക്കാട് മണത്തല സ്വദേശി ആലുങ്ങൽ വീട്ടിൽ നഹീഷ് (39), ചാവക്കാട് ബ്ലാങ്ങാട് ഇരട്ടപ്പുഴ സ്വദേശി മൂക്കൻ വീട്ടിൽ കപിൽദേവ് (37), ചാവക്കാട് ബീച്ച് സ്വദേശി അലുങ്ങൽ വീട്ടിൽ മുഹമ്മദ് അഫ്സൽ ( 40) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ ഏങ്ങണ്ടിയൂർ പുളിഞ്ചോട് ക്രിസ്ത്യൻ പള്ളിക്കു സമീപം മില്ലേനിയം റോഡിലൂടെ നടന്നു പോവുകയായിരുന്ന ഏങ്ങണ്ടിയൂർ പുളിഞ്ചോട് സ്വദേശി അറക്കൽ കുറുപ്പത്ത് വീട്ടിൽ ബഷീറിനെ ( 51)യാണ് സംഘം ആക്രമിച്ചത്. ഇയാൾ ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ്. ബഷീറിന്റെയും ഇയാളുടെ ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ബഷീർ പ്രവേശിക്കരുതെന്ന് ചാവക്കാട് കോടതിയിൽനിന്ന് ബഷീറിന്റെ ഭാര്യ പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിട്ടുള്ളതുമാണ്.
എന്നാൽ ഭാര്യയുടെ വീടിന്റെ പരിസരത്തേക്ക് ബഷീർ പോയ വൈരാഗ്യത്താലാണ് സംഘം അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഷിഹാബ് ചാവക്കാട് പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളും വധശ്രമം, അടിപിടി, തട്ടിപ്പ്, പൊലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നിങ്ങനെയുള്ള 15 ക്രിമിനൽക്കേസുകളിലെ പ്രതിയുമാണ്. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, സി.പി.ഒ മാരായ അഖിൽ, രാഗേഷ്, ഉണ്ണിമോൻ, ഫിറോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.