പ്ലാന്റേഷനിൽ വനത്തിനുള്ളിലേക്ക് ഇറങ്ങി കാട്ടാനക്ക് ചക്ക എറിഞ്ഞു കൊടുക്കുന്ന യാത്രക്കാരൻ
അതിരപ്പിള്ളി: വനത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് കാട്ടാനക്ക് ചക്ക എറിഞ്ഞു കൊടുത്ത യാത്രക്കാർക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പ്ലാന്റേഷൻ 17 ബ്ലോക്കിലാണ് സംഭവം. വാഹനത്തിലെത്തിയ വിനോദ സഞ്ചാരികൾ ചക്കത്തുണ്ടുകളുമായി വനത്തിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു.
രണ്ടുപേരാണ് പ്രധാനമായും വനത്തിൽ ഇറങ്ങിച്ചെന്നത്. നാട്ടുകാർ വിലക്കിയെങ്കിലും ഇവർ വകവെക്കാതെ കാട്ടിലേക്ക് നടന്നു. വനപാലകർ ഭക്ഷണം നൽകാത്തതിനാൽ കാട്ടാനകൾ വിശന്നിരിക്കുകയാണെന്നാണ് ഇവരുടെ ന്യായവാദം. പുഴയോരത്ത് നിൽക്കുകയായിരുന്ന ഏഴാറ്റു മുഖം ഗണപതിയെന്ന കാട്ടാനക്ക് ചക്ക എറിഞ്ഞു നൽകി.
വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ യാത്രക്കാർ ഇറങ്ങിപ്പോകുന്നതിന് വിലക്കു നിലനിൽക്കുന്നുണ്ട്. കൂടാതെ കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും കുറ്റകരമാണ്. സംഭവത്തിന് ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇവരുടെ വിഡിയോ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോ നോക്കി ഇവരെ കണ്ടെത്തി പിഴയീടാക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.