തൃശൂർ: ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കി തൃശൂർ സിറ്റി പൊലീസ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സിറ്റി പൊലീസ് പരിധിയിൽ 925 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നായി 985 പ്രതികളെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ നടപടികൾ ഊർജിതമാക്കിയിരിക്കുന്നത്. അറസ്റ്റിലായവരിൽ 42 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവ് 61.229 കിലോ കഞ്ചാവ്, 192.45 ഗ്രാം എം.ഡി.എം.എ, 23.25 ഗ്രാം ഹാഷിഷ് ഓയിൽ, 538.90 ഗ്രാം ഹാഷിഷ്, 3 എൽ.എസ്.ഡി സ്റ്റാമ്പുകൾ, 864.82 ഗ്രാം കഞ്ചാവ് മിഠായി, 10 നൈട്രോസിപാം ഗുളികകൾ, 135.98 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.
പിടിയിലായവരിൽ ഭൂരിഭാഗവും 30 വയസ്സിൽ താഴെയുള്ളവരാണെന്ന് സിറ്റി പൊലീസ് വെളിപ്പെടുത്തി. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് രണ്ട് കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളും, 22 മീഡിയം ക്വാണ്ടിറ്റി കേസുകളും, 97 സ്മോൾ ക്വാണ്ടിറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാത്രം 804 കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. ഈ വർഷം നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്ന് തിങ്കളാഴ്ച തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു. 25 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.
ഡി-ഹണ്ടിന്റെ ഭാഗമായി ഇതുവരെ 777 കേസുകൾ രജിസ്റ്റർ ചെയ്യുകയും 828 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 30ഓളം പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് കഞ്ചാവുമായി വരുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതായും പൊലീസ് പറഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ലേബർ ക്യാമ്പുകൾ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രങ്ങളായി മാറുന്നുണ്ടെന്നും ഒഡിഷ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ ലബോറട്ടറികളിൽ നിർമിക്കുന്ന മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരിവേട്ടയുടെ ഭാഗമായി ലഹരിവസ്തുക്കളുടെ ലഭ്യത കുറയുന്നതുമൂലം വില വളരെയേറെ വർധിക്കുന്നതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.