കനോലി കനാലിലെ കൂട് കൃഷിയിടങ്ങളിൽ കൂട്ടത്തോടെ ചത്ത കരിമീൻ
മതിലകം: ബണ്ട് പൊട്ടിച്ച് മലിനജലം ഒഴുക്കിയതിനെതുടർന്ന് കനോലി കനാലിൽ വീണ്ടും മത്സ്യക്കുരുതി. കൂടുകൃഷിയിലെ മത്സ്യങ്ങൾ ചത്തുപൊന്തിയത് കണ്ണീർകാഴ്ചയായി. ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ബണ്ട് വഴി ഒഴുകിയെത്തിയ മാലിന്യത്തോടൊപ്പം വൻതോതിൽ മത്സ്യങ്ങളും ചത്തതോടെ കനാൽ ജലം പലയിടങ്ങളിലും ദുർഗന്ധപൂരിതമായി.
പടിയൂർ പഞ്ചായത്തിലെ ബണ്ടുകൾ തുറന്നതോടെ ഷൺമുഖം കനാലിലൂടെ ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് ഒഴുകിയെത്തിയ മലിനജലം കനോലി പുഴയിലേക്ക് കലർന്നതാണ് മത്സ്യങ്ങൾ ചത്തുപൊന്താൻ കാരണമെന്ന് കർഷകർ പറയുന്നു. മതിലകം, പടിയൂർ, ശ്രീനാരായണപുരം, വെള്ളാങ്കല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനോലി കനാലിലാണ് മലിനജലം കലർന്നത്. ഇതോടെ പുഴയിൽ കൂടുകെട്ടി മത്സ്യ കൃഷി ചെയ്തിരുന്ന കർഷകരുടെ 14 ഓളം കൂട് കൃഷിയിലെ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് മുതലാണ് സംഭവം.
14 കൂടുകളിലായി വളർത്തിയിരുന്ന കരിമീൻ, കാളാഞ്ചി തുടങ്ങിയവയാണ് ചത്തത്. ഒരു കിലോയോളം വരെ തൂക്കമുള്ള മിനുകളാണ് കൂട്ടത്തോടെ നശിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് വിളവെടുക്കാനിരുന്നതാണെന്നും മലിനജലം മൂലം തെങ്ങ് കൃഷി ഉൾപ്പെടെയുള്ളവക്ക് നാശം സംഭവിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു. മുമ്പും സമാനരീതിയിൽ ബണ്ട് പൊട്ടിച്ചതിനെ തുടർന്ന് മത്സ്യകർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ, സർക്കാരിൽ നിന്ന് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. പുഴയിൽ നിന്നുള്ള ജലം ശേഖരിച്ച് പരിശോധന നടത്തുമെന്നും, കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സ്ഥലം സന്ദർശിച്ച കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി. സീമ, എഫ്.ഇ.ഒ സമിത, എ.എഫ്.ഇ.ഒ സീന അഗസ്റ്റിൻ എന്നിവർ പറഞ്ഞു. കൂട് മത്സ്യകർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന്മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമതി സുന്ദരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.