തൃശൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിൽ നാഴികക്കല്ല് പിന്നിട്ട് ജില്ല. ജില്ലയിൽ കണ്ടെത്തിയ 5013 അതിദരിദ്രരിൽ എല്ലാവർക്കും ആവശ്യമായ സഹായങ്ങൾ എത്തിച്ചതായി ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ ഔദ്യോഗിക റിപ്പോർട്ട് സ്ഥിരീകരിച്ചു. 15ന് സമർപ്പിച്ച പുരോഗതി കുറിപ്പ് പ്രകാരം, ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ നാല് പ്രധാന ക്ലേശഘടകങ്ങളിലും 100 ശതമാനം ലക്ഷ്യം കൈവരിച്ചതോടെ, ഇനി സഹായം ലഭിക്കാൻ ആരും ബാക്കിയില്ലെന്ന അസാധാരണ നേട്ടമാണ് ജില്ല സ്വന്തമാക്കിയത്.
റിപ്പോർട്ട് അനുസരിച്ച്, ഭക്ഷണം ആവശ്യമായിരുന്ന 1022 പേർക്കും, ആരോഗ്യപരമായ സഹായം വേണ്ട 2535 പേർക്കും, വരുമാനം ക്ലേശഘടകമായിരുന്ന 389 പേർക്കും, അഭയം ആവശ്യമുള്ള 1112 പേർക്കും സഹായം ഉറപ്പാക്കി.
ഭവന പുനരുദ്ധാരണം ആവശ്യമായിരുന്ന 495 പേരുമായും കരാർ വെച്ച് പദ്ധതി പൂർത്തിയാക്കി. വീട് മാത്രം ആവശ്യമുള്ള 361 പേരിൽ 359 പേരുമായി കരാറിൽ ഏർപ്പെട്ടു. ഇതിൽ 318 വീടുകളുടെ നിർമാണം പൂർത്തിയായി. കരാർ വെക്കാൻ ബാക്കിയുള്ള രണ്ടുപേരിൽ ഒരാൾക്ക് തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുപ്പും, മറ്റൊരാൾക്ക് വസ്തു ജപ്തിയിലായതുമാണ് തടസ്സമായത്. നിർമാണം പുരോഗമിക്കുന്ന 41 പേരിൽ 18 എണ്ണം തറപ്പണി പൂർത്തിയായി, പത്ത് എണ്ണം ലിൻ്റൽ തലത്തിലും ഒമ്പത് എണ്ണം മേൽക്കൂര നിർമാണ ഘട്ടത്തിലുമാണ്.
വീടും സ്ഥലവും ആവശ്യമുള്ള 372 പേരിൽ 330 പേർ കരാർ ഒപ്പുവെച്ചു. ഇതിൽ 197 പേരുടെ വീട് നിർമാണം പൂർത്തിയായി. കരാർ വെക്കാൻ ബാക്കിയുള്ള 42 പേരിൽ 29 പേർക്ക് പട്ടയം അനുവദിച്ചു നൽകിയിട്ടുണ്ട്. 13 പേർക്ക് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
നിർമാണത്തിലിരിക്കുന്ന 133 വീടുകളിൽ 17 എണ്ണം പണി തുടങ്ങിയിട്ടില്ല. 40 എണ്ണം തറയുടെ ഘട്ടത്തിലും, 43 എണ്ണം ലിൻറൽ തലത്തിലും, 33 എണ്ണം മേൽക്കൂര ഘട്ടത്തിലുമാണ്. ഇതുകൂടാതെ, ചാലക്കുടി, കുന്നംകുളം, തലപ്പിള്ളി, തൃശൂർ താലൂക്കുകളിലായി റവന്യൂ മിച്ചഭൂമി, പുറമ്പോക്ക് ഭൂമി എന്നിവയുടെ പട്ടയം അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായിരുന്ന നാല് ഗുണഭോക്താക്കളിൽ ഒരാൾക്ക് സഹായം ലഭ്യമാക്കിയപ്പോൾ, ശേഷിക്കുന്ന മൂന്നുപേരിൽ രണ്ടുപേർക്ക് ദാതാവിനെ കണ്ടെത്താനായിട്ടില്ല. ഒരാൾക്കുള്ള ചികിത്സാ ധനസഹായത്തിനായി എസ്റ്റിമേറ്റ് സഹിതം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ ആകെ 5013 അതിദരിദ്രരിൽ 4649 പേർക്കായി മൈക്രോപ്ലാനുകൾ തയ്യാറാക്കിയിരുന്നു. ഇതിൽ 3197 പേർ അതിദാരിദ്ര്യത്തിൽ നിന്ന് പൂർണമായും മുക്തരായി. ശേഷിക്കുന്ന 1451 പേരെ 'പാർക്ക്' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ താമസം മാറിയവർ (68), വാടക വീട്ടിലേക്ക് മാറിയവർ (120), മറ്റ് സഹായങ്ങൾ ആവശ്യമില്ലാത്തവർ (557), മരണപ്പെട്ടവർ (152), ബന്ധുക്കളോടൊപ്പം താമസിക്കുന്നവർ (229) തുടങ്ങിയ വിവിധ കാരണങ്ങളാൽ തുടർസഹായം ആവശ്യമില്ലാത്തവരാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.