വെട്ടിവിട്ടകാട്ടിൽ വൈദ്യുതീകരണം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
അതിരപ്പിള്ളി: ജില്ലയിലെ വൈദ്യുതീകരിക്കാത്ത ഏക പട്ടികവർഗ സങ്കേതമായ വെട്ടിവിട്ടകാട്ടിൽ അവസാനം വൈദ്യുതിയെത്തി. വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ നിവഹിച്ചു. മലക്കപ്പാറയിൽനിന്ന് അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാണ് ഇവിടേക്ക് വൈദ്യുതി എത്തിച്ചത്. പട്ടികവർഗ വികസന വകുപ്പ് ഇതിനായി 92,45,000 രൂപ മുതൽമുടക്കി.
കൃഷിയും വനവിഭവ ശേഖരണവും ഉപജീവന മാർഗമായി സ്വീകരിച്ച കോളനിയിൽ മുതുവർ വിഭാഗത്തിൽപ്പെടുന്ന 13 കുടുംബങ്ങളിലായി 38 പേരാണ് താമസിക്കുന്നത്. മലക്കപ്പാറ തമിഴ്നാട് അതിർത്തിയിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ച് നാല് കിലോമീറ്റർ വനത്തിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താൻ.
ആചാരപരമായ നൃത്തങ്ങളോടെയും പാട്ടുകളുടെയുമാണ് മന്ത്രിയെ ഊരുനിവാസികൾ കോളനിയിലേക്ക് വരവേറ്റത്. ഉദ്ഘാടന ചടങ്ങിനു ലേശം ഊരുനിവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് കോളനി മുഴുവൻ സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആതിര ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ജില്ല പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. റിജേഷ്, നാഗലപ്പൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, ഊരു മൂപ്പൻ ശിവൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.