തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമകളുടെ മുഴുവൻ നിക്ഷേപങ്ങളും മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടു. മുഖ്യപ്രതിയും മാനേജിങ് പാർട്ട്ണറുമായ ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് സർക്കാർ ഉത്തരവ്.
കേസന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ സിറ്റി സി-ബ്രാഞ്ച് അസി. കമീഷണർ കെ.എ. തോമസ് നൽകിയ റിപ്പോർട്ട് കണക്കിലെടുത്ത്, 2019ലെ അനധികൃത നിക്ഷേപ നിരോധന നിയമം (ബഡ്സ് ആക്ട്) അനുസരിച്ച് സെക്ഷൻ ഏഴ് (മൂന്ന്) പ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും ഗവ. സെക്രട്ടറിയുമായ സഞ്ജയ് കൗൾ ആണ് കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിൽ ഈ വകുപ്പ് ചുമത്തുന്ന രണ്ടാമത്തെ കേസാണിത്.
സംസ്ഥാനത്തെവിടെയും പ്രതികളുടെയോ ബിനാമികളുടെയോ പേരിൽ കൈവശം വെച്ചിരിക്കുന്ന ഭൂമി, കെട്ടിടങ്ങൾ എന്നിവ വിൽക്കുന്നതും പണയപ്പെടുത്തുന്നതും തടയാൻ രജിസ്ട്രേഷൻ വകുപ്പിനും വാഹനങ്ങൾ വിൽക്കുന്നതും കൈമാറുന്നതും തടയാൻ മോട്ടാർ വാഹന വകുപ്പിനും ബാങ്ക് നിക്ഷേപങ്ങളും ഇടപാടുകളും മരവിപ്പിക്കാൻ ജില്ലകളിലെ ലീഡ് ബാങ്ക് മാനേജർമാർക്കും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ മരവിപ്പിക്കാൻ സഹകരണ വകുപ്പ് രജിസ്ട്രാർക്കും കെ.എസ്.എഫ്.ഇ പോലുള്ള സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ മരവിപ്പിക്കാൻ അതത് കമ്പനി മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ബഡ്സ് ആക്ട് പ്രകാരം പ്രതികളുടേയോ ബിനാമികളുടേയോ കൈവശത്തിലിരിക്കുന്നതും മരവിപ്പിക്കപ്പെട്ടതുമായ മുഴുവൻ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും വിവരങ്ങൾ തിട്ടപ്പെടുത്തി, അതത് ജില്ല കലക്ടർമാർ ബന്ധപ്പെട്ട കോടതിക്ക് കൈമാറണമെന്നും, ആവശ്യമെങ്കിൽ വകുപ്പിലെ സെക്ഷൻ 14 പ്രകാരം വസ്തുക്കൾ പൊതുലേലമോ വിൽപനയോ നടത്താമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ജോയ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. 10 ദിവസത്തേക്കാണ് കസ്റ്റഡിയിലുള്ളത്. ഭാര്യ റാണി ജോയിയെയും ഡയറക്ടർമാരായ മക്കളെയും പിടികൂടാനായിട്ടില്ല. മുൻകൂർ ജാമ്യഹരജിയിലെ ഹൈകോടതി നിർദേശപ്രകാരമാണ് ജോയി കീഴടങ്ങിയത്. ധനവ്യവസായ സ്ഥാപനം, ധനവ്യവസായ ബാങ്ക് എന്നീ പേരുകളിലായിട്ടാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചത്. ഇതിൽ ധനവ്യവസായ സ്ഥാപനത്തിന് മണി ലെൻഡ് ആക്ട് അനുസരിച്ച് പ്രവർത്തിക്കാനുള്ള ലൈസൻസ് മാത്രമാണുള്ളത്. നിക്ഷേപങ്ങൾ സ്വീകരിക്കാൻ മതിയായ ലൈസൻസ് ഇല്ലാതെ അനധികൃതമായിട്ടാണ് പ്രവർത്തിച്ചത്. തൃശൂർ സിറ്റി പൊലീസ് പരിധിയിൽ മാത്രം 85ഓളം കേസുകൾ നിലവിൽ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൻ തുകയുടെ നിക്ഷേപത്തട്ടിപ്പ് നടന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ, 50 കോടിയുടെ ആസ്തിയുണ്ടെന്നും 45 കോടിയുടെ നിക്ഷേപമേ ഉള്ളൂവെന്നുമാണ് ജോയ് ഡി. പാണഞ്ചേരി ജാമ്യാപേക്ഷയിൽ കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ, 200 കോടിയിലധികം തട്ടിയെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.