അന്തിക്കാട്: അരിമ്പൂരിൽ വീടിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന ചുരുളഴിഞ്ഞത്. എൻ.ഐ.ഡി റോഡിൽ ഓളംതല്ലിപാറക്കുസമീപം താമസിക്കുന്ന തമിഴ്നാട് കടലൂർ കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിന്റെ മകൻ ആദിത്യനെയാണ് (41) ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ ആദിത്യൻ തനിച്ചായിരുന്നു താമസം.
വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് ആദിത്യന്റെ നെഞ്ചിലും തോളിലും പത്തോളം കുത്തേറ്റതായി തെളിഞ്ഞത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടുപരിസരത്തുനിന്ന് മദ്യകുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു. മദ്യപിക്കുന്നതിനിടയിൽ സുഹൃത്തുക്കളോ മറ്റോ കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.
ആദിത്യൻ നേരത്തെ അമ്മക്കൊപ്പമായിരുന്നു ഇവിടെ താമസം. അമ്മ വാഹനാപകടത്തിൽ മരിച്ചതോടെ പിന്നെ തനിച്ചാണ് താമസം. വിവാഹം കഴിഞ്ഞെങ്കിലും ഭാര്യയുമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.
അമ്മ മരിച്ചതിന്റെ ഇൻഷുറൻസ് തുക അവകാശിയായ ആദിത്യന് ലഭിച്ചത് തട്ടിയെടുക്കാൻ ആരെങ്കിലും ഇയാളെ കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. അതേസമയം തമിഴ്നാട്ടുകാരനായ മറ്റൊരാളെ വീട്ടിലും ആദിത്യനോടൊപ്പവും കണ്ടതായി നാട്ടുകാർ പൊലീസിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായ വിവരം ലഭിച്ചതോടെ അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി കാമറകളും പൊലീസ് പരിശോധന നടത്തി. സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു, അന്തിക്കാട് സി.ഐ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ പിടികൂടാനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.