ആളൂര്‍: പാതയോരത്ത് അപകടക്കെണിയായി നിന്ന വൈദ്യുതിത്തൂണ് നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിസ്ഥാപിച്ചു. സംസ്ഥാനപാതയായ കൊടകര- കൊടുങ്ങല്ലൂര്‍ റോഡിലെ ആളൂര്‍ മേല്‍പാലത്തിന് സമീപം അപകടക്കെണിയായി നിന്ന വൈദ്യുതിത്തൂണാണ് അങ്ങാടി അമ്പ് കൂട്ടായ്മ സമീപത്തെ സ്വകാര്യ പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചത്. ഈ മാസം 13ന് ഇവിടെ നടന്ന അപകടത്തില്‍ കോളജ് വിദ്യാര്‍ഥിനി മരിക്കാനിടയായതിനെത്തുടര്ന്നാണ് കൂട്ടായ്മ ഇതിനായി രംഗത്തിറങ്ങിയത്. ജനപ്രതിനിധികളും നാട്ടുകാരും പിന്തുണയേകി ഒപ്പം നിന്നു. വീതി കുറവും വളവുമുള്ള റോഡരികില്‍ നില്ക്കുന്ന വൈദ്യുതിത്തൂണ് മാറ്റിയിടാനുള്ള സ്ഥലം വാഗ്ദാനം ചെയ്ത് സമീപവാസി വാഴപ്പിള്ളി ജയ്സന് എത്തിയതോടെ നടപടി വേഗത്തിലായി.
വൈദ്യുതിത്തൂണ് മാറ്റി സ്ഥാപിക്കാനാവശ്യമായ തുക അങ്ങാടി അമ്പ് കൂട്ടായ്മ വെള്ളിയാഴ്ച കെ.എസ്.ഇ.ബി ഓഫിസില്‍ അടച്ചു. ശനിയാഴ്ച രാവിലെതന്നെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കരാര്‍ തൊഴിലാളികളെത്തി തൂണ് മാറ്റിയിടാൻ ജോലി ആരംഭിച്ചു. ഉച്ചയോടെ പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. വൈദ്യുതിത്തൂണ് തന്റെ പറമ്പിലേക്ക് മാറ്റിയിടാന്‍ അനുവദിച്ച ജയ്സന് വാഴപ്പിള്ളിയും ഇതിന് മുന്‍കൈയെടുത്ത ആളൂര്‍ അങ്ങാടി അമ്പ് കമ്മിറ്റിയും സമൂഹത്തിന് മികച്ച മാതൃകയാണ് നൽകുന്നതെന്ന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പറഞ്ഞു. റോഡിന്റെ വീതികുറവ് പരിഹരിക്കാൻ തന്റെ മതില് പൊളിച്ചുനീക്കി സ്ഥലം വിട്ടുനൽകാന്‍ തയാറാണെന്ന് ജയ്സന് വാഴപ്പിള്ളി അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമൂഹനന്മക്കായി സാധ്യമായ പ്രവര്‍ത്തനങ്ങള്‍ ആളൂര്‍ അങ്ങാടി അമ്പ് കൂട്ടായ്മ നടത്തിവരുന്നുണ്ടെന്ന് കണ്‍വീനര്‍ പോളി തുണ്ടിയിലും പറഞ്ഞു.
ആളൂര്‍ റെയില്‍വേ മേല്പാലത്തില് വളർന്ന പാഴ്ചെടികളും പുല്ലും കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ശ്രമദാനത്തിലൂടെ നീക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുമായി പ്രദേശത്ത് സി.സി.ടി.വി കാമറകളും സ്ഥാപിക്കും. അപകട ഭീഷണിയായ വൈദ്യുതിത്തൂൺ മാറ്റിയിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, വാര്‍ഡ് അംഗം കൊച്ചുത്രേസ്യ ദേവസി, അങ്ങാടി അമ്പ് കൂട്ടായ്മ കണ്‍വീനര്‍മാരായ അഡ്വ. പോളി മൂഞ്ഞേലി, പോളി തുണ്ടിയില്‍, കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ ഒ.എന്‍. അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.