പ്രതീകാത്മക ചിത്രം

മാലിന്യസംസ്കരണ പ്ലാന്റിന് സ്ഥലം വാങ്ങിയതിൽ കോടികളുടെ അഴിമതിയെന്ന്

തൃശൂർ: കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് പണിയാൻ 12 ഏക്കർ ചതുപ്പുനിലം വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം. 60 സെന്റ് സ്ഥലം മതിയെന്നിരിക്കെ 12 ഏക്കർ ചതുപ്പ് എന്തിന് വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരെ വെട്ടിക്കുറച്ച നടപടി ചർച്ച ചെയ്യാൻ വിളിച്ച കോർപറേഷൻ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ജീവനക്കാരെ കുറച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത് മേയറും സി.പി.എം നേതൃത്വവും അറിഞ്ഞാണെന്നും അതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെയും ജോൺ ഡാനിയേലിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങിയത്.

ഒരു മണിക്കൂറോളം മുദ്രാവാക്യം വിളിച്ച് യോഗം തടസ്സപ്പെടുത്തിയെങ്കിലും പിരിച്ചുവിടാൻ തയാറാകാതിരുന്ന മേയർ എം.കെ. വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കാനായി വളഞ്ഞു. ഇതോടെ ഭരണകക്ഷിയിലെ പി.കെ. ഷാജന്റെയും വർഗീസ് കണ്ടംകുളത്തിയുടെയും അനീസ് മുഹമ്മദിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരെ തള്ളിനീക്കി ബലമായി മേയറെ മോചിപ്പിച്ച് ചേംബറിൽ കൊണ്ടുപോയി. ചെറിയ തോതിൽ ഉന്തും തള്ളും നടന്നെങ്കിലും പരസ്പരം വെല്ലുവിളിയുമായി വീണ്ടും കുറച്ചു നേരം കൗൺസലർമാർ മുഖാമുഖം മുദ്രാവാക്യം വിളി തുടർന്നു.

വൈദ്യുതി വിഭാഗത്തിലെ തസ്തിക വെട്ടിക്കുറച്ച നടപടി ശരിയല്ലെന്ന് മേയർ കൗൺസിലിൽ അറിയിച്ചു. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നും ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കണമെന്നും തീരുമാനിക്കാനാണ് കൗൺസിൽ യോഗം വിളിച്ചതെന്ന് മേയർ തുടക്കത്തിൽ തന്നെ വ്യക്തമാക്കി. സർക്കാറിൽ നിന്ന് തീരുമാനം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു.

വൈദ്യുതി വകുപ്പിലെ ജീവനക്കാരെ വെട്ടിക്കുറച്ച പ്രശ്‌നം ഏഴു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാതെ ജനങ്ങളെ വഞ്ചിച്ച് വിതരണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. വൈദ്യുതി വകുപ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയും ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസിനൊപ്പം സമരത്തിനിറങ്ങാതെ സീറ്റിൽ തന്നെയിരുന്നു.

മന്ത്രി ആർ. ബിന്ദു മേയറായിരിക്കുമ്പോൾ കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ നിന്ന് 58 കോടി രൂപ അടച്ചതോടെയാണ് കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ സർവ നാശം തുടങ്ങിയതെന്ന് രാജൻ പല്ലൻ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഈ വിഷയം താൻ തന്നെ അവതരിപ്പിക്കുകയും ഭരണകക്ഷി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സാറാമ്മ റോബ്‌സൺ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതേവിഷയം വീണ്ടും കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജോൺ ഡാനിയേൽ പറഞ്ഞു. കോർപറേഷൻ വൈദ്യുതി വിഭാഗം സ്വകാര്യ മേഖലക്ക് നൽകാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ മേയറുടെ നിലപാട് ശരിയാണെന്നും സമരം നടത്തിയ ജീവനക്കാരെ വിളിച്ചുവരുത്തി അഞ്ചു മണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിച്ചെന്നും ഭരണകക്ഷിയിലെ ഐ. സതീഷ്‌കുമാർ പറഞ്ഞു.

Tags:    
News Summary - Corruption worth crores alleged in land purchase for waste management plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.