ഭാരതപ്പുഴയിൽ തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റെയിൽവേയുടെ മൂന്നാമത്തെ ഇരട്ട വരി പാലത്തിന്റെ പണി നടക്കുന്നു. ബ്രിട്ടീഷുകാർ പണിത പഴയ കൊച്ചിൻ പാലത്തിലൂടെ
വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നത് കാണാം
ചെറുതുരുത്തി: തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് ഷൊർണൂരിൽ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയിൽവേയുടെ മൂന്നാം പാലത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. പതിനൊന്നാമത്തെ തൂണിന്റെ ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിൽ ഇരട്ട റെയിൽവേ ട്രാക്ക് ഉണ്ടാകും. രണ്ട് ദിശയിലേക്കും ട്രെയിനുകൾക്ക് വേഗത്തിൽ ഓടിച്ചുപോകാൻ പറ്റുന്ന രീതിയിലാണ് നിർമാണം. കാലവർഷം ശക്തമായാൽ പുഴയിൽ വെള്ളം ഉയർന്ന് പ്രവൃത്തി തടസ്സപ്പെടുമെന്നതിനാൽ തറയിൽനിന്ന് കാലുകൾ പണിത് കയറ്റിക്കൊണ്ടുവരുന്നതാണ് ഇപ്പോൾ ചെയ്യുന്നത്.
ബിഹാറിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന യന്ത്രസജ്ജീകരണങ്ങൾ എത്തിച്ചിരിക്കുന്നത്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജോലികൾ വിലയിരുത്തുന്നുണ്ട്. പൈങ്കുളം റോഡിലെ റെയിൽവേ ഗേറ്റിന് സമീപമുള്ള വഴിയാണ് പാലം വരുന്നത്. ഇതോടെ ബ്രിട്ടീഷുകാർ പണിത പഴയ കൊച്ചിൻ പാലമടക്കം ഷൊർണൂരിൽ അഞ്ച് പാലങ്ങൾ ഭാരതപ്പുഴയിൽ സമാന്തരമായി ഉണ്ടാകും.
പുതുതായി നിർമിക്കുന്ന പാലത്തിന് മുകളിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഇരുവശങ്ങളിലേക്കുമുള്ള നടപ്പാതയും തയാറാക്കുന്നുണ്ട്. പാലം യാഥാർഥ്യമായാൽ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ മുതൽ മാന്നനൂർ സ്റ്റേഷന് സമീപം വരെയെത്തുന്ന പാലമുൾപ്പെടെയുള്ള റെയിൽപ്പാളമാണ് (പാസ് ഡബ്ലിങ്) നിർമിക്കുക. ഇതോടൊപ്പം ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള യാർഡുകളിലെ ഒറ്റവരിപ്പാത രണ്ടുവരിയാക്കുന്നുമുണ്ട്. പണി പൂർത്തിയാകുന്നതോടെ ട്രെയിനുകൾ ഷൊർണൂർ ബി കാബിന് സമീപവും വള്ളത്തോൾ നഗറിലും ഭാരതപ്പുഴ സ്റ്റേഷന് സമീപവുമെല്ലാം പിടിച്ചിടുന്നത് ഒഴിവാക്കാനാകും. 450 കോടിയോളം രൂപയാണ് ചെലവ്. കാലാവസ്ഥ അനുകൂലമായാൽ ഈ വർഷം അവസാനത്തോടെ പാലം യാഥാർഥ്യമാവുമെന്നാണ് അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.