പ്രതീകാത്മക ചിത്രം (എ.ഐ. നിർമ്മിതം)

കാടുകയറ്റിയിട്ടും ആനകൾ നാട്ടിൽ; കാടുകയറ്റിയ 25ലേറെആനകൾ പാലപ്പിള്ളിയിൽ

ആമ്പല്ലൂർ: അതിരപ്പിള്ളി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഭീതി പരത്തിയ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിയുൾപ്പടെ അക്രമകാരികളായ കാട്ടാനകൾ പാലപ്പിള്ളിയിൽ എത്തിയതായി നാട്ടുകാർ. 25ലേറെ ആനകളാണ് പാലപ്പിള്ളി തോട്ടം മേഖലകളിൽ തമ്പടിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഏഴാറ്റുമുഖം ഗണപതി, മഞ്ഞകൊമ്പൻ എന്നി വിളിപ്പേരുകളുള്ള ആനകളെ പാലപ്പിള്ളി മേഖലയിൽ നാട്ടുകാർ കണ്ടതായി പറയുന്നത്. കുണ്ടായി, ചക്കിപ്പറമ്പ് എന്നീ പ്രദേശങ്ങളിലിറങ്ങിയ ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിച്ചിരുന്നു.

നാട്ടുകാരും തോട്ടം തൊഴിലാളികളും വാച്ചർമാരും ചേർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനകളെ കാടുകയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. പകൽപോലും തോട്ടങ്ങളിലും റോഡിലും ഇറങ്ങുന്ന ആനക്കൂട്ടത്തെ ഭയന്നാണ് തൊഴിലാളികൾ പണിക്കിറങ്ങുന്നത്. കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ട തൊഴിലാളികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാട്ടാനശല്യത്തിൽ പൊറുതിമുട്ടി കഴിയുന്ന പ്രദേശത്തെ ആദിവാസികളും തൊഴിലാളി കുടുംബങ്ങളും ആക്രമണകാരികളായ ആനകൾ കൂടി എത്തിയതോടെ ഭീതിയിലാണ്.

കഴിഞ്ഞമാസം അതിരപ്പിള്ളി മേഖലയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്തെ ആനക്കൂട്ടത്തെ ആർ.ആർ.ടി സംഘം കാടുകയറ്റിയത്. കിലോമീറ്ററുകൾ താണ്ടിയാണ് ഈ ആനകൾ പാലപ്പിള്ളിയിൽ എത്തിയത്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാലപ്പിള്ളി മേഖലയിലെ ആനക്കൂട്ടത്തെ കാടുകയറ്റാൻ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, അതിരപ്പിള്ളി മേഖലയിൽനിന്ന് ആനകൾ പാലപ്പിള്ളിയിലെത്തിയതുമായി വനപാലകർക്ക് സ്ഥിരീകരണമില്ല.

Tags:    
News Summary - More than 25 elephants encroached upon in Palappilly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.