അകമല ഫോറസ്റ്റ് സ്റ്റേഷൻ വെറ്ററിനറി ക്ലിനിക്കിന് മുന്നിൽ ഉപയോഗിച്ചിരുന്ന വണ്ടി പൊടിപിടിച്ചു കിടക്കുന്നു
ചെറുതുരുത്തി: മറ്റൊരു പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കുമ്പോഴും അടച്ചുപൂട്ടിയ വനംവകുപ്പ് ഓഫിസിനും വെറ്ററിനറി ക്ലിനിക്കിനും ശാപമോക്ഷമില്ല. സാമൂഹികവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ് മുള്ളൂർക്കര പഞ്ചായത്തിലെ വനം വന്യജീവി വകുപ് തൃശൂർ ഡിവിഷൻ മച്ചാട് റേഞ്ച് അകമല ഫോറസ്റ്റ് സ്റ്റേഷൻ.
വർഷങ്ങൾക്കു മുമ്പ് അകമല ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസ് അടച്ചുപൂട്ടി. തുടർന്നാണ് വെറ്ററിനറി ക്ലിനിക് അടച്ച് പൂട്ടിയത്. ഇപ്പോൾ വാഴാനി റേഞ്ചിന്റെ കീഴിലാണ് തെക്കുംകര, മുള്ളൂർക്കര, പാഞ്ഞാൾ എന്നീ പഞ്ചായത്തുകളും വടക്കാഞ്ചേരി നഗരസഭയും. വന്യമൃഗങ്ങൾക്ക് അപകടങ്ങൾ പറ്റുകയോ, മൃഗങ്ങൾ ജനങ്ങളെ അക്രമിക്കുകയോ ചെയ്താൽ കിലോമീറ്ററുകൾ താണ്ടി വേണം ഉദ്യോഗസ്ഥർ ഇവിടെയെത്താൻ.
ഫോറസ്റ്റ് സ്റ്റേഷൻ ഇവിടെ നിന്ന് മാറ്റിയതോടെ നിരവധി തേക്കുമരങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. മോഷ്ടാക്കളെ പിടികൂടുന്നുണ്ടെങ്കിലും നിർബന്ധമായും ഇവിടെ ഫോറസ്റ്റ് സ്റ്റേഷൻ വേണമെന്നാണ് ജനങ്ങളും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നത്. നിരവധി തവണ നിവേദനം കൊടുത്തിട്ടും വനവകുപ്പ് മൗനത്തിലാണ്.
തൃശൂർ, പാലക്കാട് ജില്ലകളിൽ നാട്ടിലിറങ്ങി പിടിയിലാകുന്ന വന്യജീവികൾക്ക് ആവശ്യമായ ചികിത്സ അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ നൽകിയിരുന്ന കാലമുണ്ടായിരുന്നു.
ഒരു വർഷത്തോളമായി ക്ലിനിക്കിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. നെല്ലിയാമ്പതി, ചാലക്കുടി, നെന്മാറ, പാലക്കാട് ഡിവിഷനുകളിൽനിന്ന് ധാരാളം പക്ഷിമൃഗാദികളെ ചികിത്സക്കായി ഇവിടെ കൊണ്ടുവന്നിരുന്നു. ക്ലിനിക്ക് അടച്ചുപൂട്ടിയതോടെ ഇവിടെയുണ്ടായിരുന്ന വാഹനം വടക്കാഞ്ചേരി റേഞ്ച് ഓഫിസ് ഏറ്റെടുത്തു.
അവിടെ ഉപയോഗിച്ചിരുന്ന കാലാവധി കഴിഞ്ഞ വാഹനം ക്ലിനിക്കിനു മുന്നിൽ ഇപ്പോഴും തുരുമ്പുപിടിച്ചുകിടക്കുന്നുണ്ട്. വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തേക്ക് മരങ്ങളുടെ മോഷണ പരമ്പര തന്നെ ഉണ്ടാകുമെന്നും ബയോ നാച്വറൽ ക്ലബ് സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. അബ്ദുൽ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.