നിത്യഹരിതം സംഗീതം

ചെറുതോണി: ഇത്തവണ കർണാടക സംഗീതത്തിൽ സാംസ്കാരിക വകുപ്പിന്‍റെ വജ്രജൂബിലി ഫെലോഷിപ്പിനർഹയായ മുരിക്കാശേരി കള്ളിപ്പാറ ജോസ്പുരം കോട്ടക്കകത്ത് മെൽബിന്‍റെ ഭാര്യ ഹരിത ചെറുപ്പം മുതലേ സംഗീതത്തിനൊപ്പമാണ്. ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, കർണാടക സംഗീതം വിഷയങ്ങളിൽ നേട്ടങ്ങൾ കൊയ്ത ഹരിതയുടെ ശിക്ഷണത്തിൽ നൂറുകണക്കിന് കുട്ടികൾ കലോത്സവ വേദികളിൽനിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കി.

പാലക്കാട് ചെത്തല്ലൂർ ഗ്രാമത്തിലെ സംഗീതാഭിരുചിയുള്ള കുടുംബമാണ് ഹരിതയുടേത്. അച്ഛൻ ശ്രീധരനും അമ്മ പ്രേമലതക്കും മകളെ സംഗീതം പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എട്ടു വയസ്സ് മുതൽ ഹരിത സംഗീതം പഠിക്കാൻ ആരംഭിച്ചു.

ശങ്കരനാരായണൻ മാസ്റ്ററായിരുന്നു ആദ്യ ഗുരു. എട്ടാം ക്ലാസ് മുതൽ ബി.എ വരെ കേരള കലാമണ്ഡലത്തിൽ പ്രശസ്തരായ വിവിധ അധ്യാപകരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. പയ്യന്നൂർ ജഗദീശൻ, പി.എൻ. പ്രഭാവതി, കൊല്ലം ജി.എസ്. ബാലമുരളി, ഒ.കെ. അംബിക തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ പഠിക്കാനവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ഹരിത പറയുന്നു. ഇതിനകം മുന്നൂറോളം കലോത്സവ വേദികളിൽ വിധികർത്താവായി. നിരവധി വേദികളിൽ സംഗീതകച്ചേരി അവതരിപ്പിച്ചു. 2010ൽ കേരള കലാമണ്ഡലത്തിൽ കർണാടക സംഗീതത്തിലായിരുന്നു അരങ്ങേറ്റം. കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽനിന്ന് സ്കോളർഷിപ്പും കലാമണ്ഡലത്തിൽനിന്ന് എൻഡോവ്മെന്‍റും നേടിയിട്ടുണ്ട്.

തമിഴ്‌നാട്, മുബൈ, കർണാടക, യു.കെ, ആസ്ട്രേലിയ എന്നിവിടങ്ങളിലുള്ളവർക്ക് സംഗീതത്തിൽ ഓൺലൈനായി ക്ലാസെടുക്കുന്നുണ്ട്. പാലക്കാട് സ്വരലയ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയിൽ സംഗീതാധ്യാപികയായും പ്രവർത്തിച്ചു. ഒന്നിലധികം തവണ ചെൈമ്പ സംഗീതോത്സവത്തിലും പങ്കെടുത്തു. ഊട്ടി ഗുഡ്ഷെപ്പേഡ് ഇന്‍റർനാഷനൽ സ്കൂൾ, മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലടക്കം സംഗീതാധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കട്ടപ്പനയിൽ സ്വകാര്യ കോളജിലാണ് ജോലി. മലയാളം അധ്യാപകനായ ഭർത്താവ് മെൽബിന്‍റെ പൂർണ പിന്തുണ അനുഗ്രഹമായെന്നും ഹരിത പറയുന്നു.

Tags:    
News Summary - Evergreen music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.