ഭൂ​മി വി​ട്ടു ന​ൽ​കി​യ ച​ന്ദ്ര​മ​തി ടീ​ച്ച​ർ ഭൂ​മി ല​ഭി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം

ഏഴ് വർഷത്തെ കാത്തിരിപ്പ്; ചന്ദ്രമതി ടീച്ചറുടെ 12 സെന്റിൽ ഇനി മൂന്ന് കുടുംബങ്ങൾ

ചെറുതുരുത്തി: ഏഴ് വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ചന്ദ്രമതി ടീച്ചർ നൽകിയ 12 സെന്റ് സ്ഥലം അർഹരായ മൂന്ന് പേരിലേക്ക് എത്തുന്നു. നാല് സെന്റ് വീതമാണ് സ്ഥലമില്ലാത്ത മൂന്ന് കുടുംബങ്ങൾക്കായി കൈമാറുന്നത്. നീണ്ട നാളുകൾ ഓഫിസുകൾ കയറിയിറങ്ങിയ ശേഷമാണ് ചന്ദ്രമതി ടീച്ചർ ദാനം നൽകിയ സ്ഥലം അർഹരുടെ കൈകളിലേക്ക് എത്തുന്നത്. വ്യാഴാഴ്ച രാവിലെ പത്തിന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ പട്ടയം കൈമാറും. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ദേശമംഗലം അച്ചത്ത് പറമ്പിൽവീട്ടിൽ ശബരി സൂര്യലക്ഷ്മി, ദേശമംഗലം പല്ലൂർ ആലക്കൽ വീട്ടിൽ മണികണ്ഠൻ- ഷീല ദമ്പതികൾ, ദേശമംഗലം കപ്പാരത്തുപടി മനോജ് എന്നിവർക്കാണ് നാല് സെന്റ് വീതം ലഭിക്കുന്നത്.

ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരിൽ 2018 ആഗസ്റ്റ് 15നുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും 35 ഓളം കുടുംബങ്ങൾ ദേശമംഗലത്തുള്ള ക്യാമ്പിൽ കഴിയുകയുമായിരുന്നു. ഇതേതുടർന്നാണ് ദേശമംഗലം വാളേരി വീട്ടിൽ ചന്ദ്രമതി (72) സ്ഥലം നൽകാൻ തീരുമാനിച്ചത്. ടൈപ്പ്റൈറ്റിങ് അധ്യാപികയായ ഇവർ സ്വന്തം സ്ഥലത്തുനിന്നാണ് 12 സെന്റ് സ്ഥലം ദാനമായി നൽകിയത്. എന്നാൽ 35 വീട്ടുകാർക്ക് സർക്കാറും സേവാഭാരതിയും ചേർന്ന് വീടുകൾ നിർമിച്ചുനൽകിയതോടെ സ്ഥലം വെറുതേ കിടക്കുകയായിരുന്നു. ഈ വാർത്ത ‘മാധ്യമം’റിപ്പോർട്ട് ചെയ്തിരുന്നു. വാടകക്ക് കഴിയുന്ന ഞങ്ങൾക്ക് നാല് സെന്റ് സൗജന്യമായി നൽകിയ ടീച്ചർക്കും അധികൃതരോടും അതിയായ സന്തോഷമുണ്ടെന്ന് മൂന്നു കുടുംബങ്ങളും പറഞ്ഞു.

Tags:    
News Summary - After seven years of waiting, three more families will get their share of Chandramati Teacher's 12 cents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.