ചാലക്കുടി: ദിവസങ്ങൾക്കു മുമ്പ് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ടിപ്പർ ലോറി ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധം. കുറ്റിച്ചിറ പുളിങ്കര ചെമ്പൻകുന്ന് സ്വദേശി വടക്കേക്കര വീട്ടിൽ ലിന്റോ (41) ആണ് മരിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിക്കു മുന്നിലും മരിച്ചയാളിന്റെ വീട്ടിലും നാട്ടുകാരും ബന്ധുക്കളും തടിച്ചുകൂടി പൊലീസിനെതിരെ പ്രതിഷേധിച്ചു.
നിരപരാധിയായ ഇയാളെ ചോദ്യംചെയ്യാൻ വിളിച്ചുകൊണ്ടുപോയ പൊലീസ് കനത്ത മാനസിക സമ്മർദം ഏൽപിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി അന്വേഷണം പ്രഖ്യാപിച്ചു. ലിന്റോയുടെ മൃതദേഹം ചാലക്കുടിയിൽനിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഏർപ്പാടാക്കി.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് ലിന്റോ വീട്ടിൽ തൂങ്ങിമരിച്ചത്. ഈ മാസം കുറ്റിച്ചിറയിൽ വടിവാൾ വീശി ആക്രമിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഈ സംഭവത്തിൽ പ്രതിയായ ലിന്റോയുടെ സുഹൃത്ത് ഒളിവിൽ പോയിരുന്നു. സുഹൃത്തിന്റെ വിവരം അറിയാൻ വേണ്ടിയാണ് 13ന് രാത്രി പൊലീസ് ലിന്റോയെ വീട്ടിൽനിന്നും ജീപ്പിൽ കൊണ്ടുപോയത്.
എന്നാൽ, ഏതാനും മണിക്കൂറിനുശേഷം 14ന് പുലർച്ചെ ലിന്റോയെ മാതാപിതാക്കളുടെ മുന്നിൽ വീട്ടിൽ പൊലീസ് ജീപ്പിൽതന്നെ തിരിച്ച് എത്തിക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷം ലിന്റോയുടെ മനോനില താളംതെറ്റിയ നിലയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. വല്ലാതെ ഭയം തോന്നുന്നതായി സുഹൃത്തുക്കളോട് ഇയാൾ നിരന്തരം പറഞ്ഞിരുന്നു.
ലിന്റോയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയില്ലെന്നും രാത്രിയിൽ ജീപ്പിൽ കയറ്റി വഴിയിൽ പലയിടത്തും ചോദ്യംചെയ്ത് തിരിച്ചു കൊണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.