ചാലക്കുടി: ഇടതുപക്ഷത്തെയും യു.ഡി.എഫിനെയും മാറി മാറി തുണച്ച തെരഞ്ഞെടുപ്പ് ചരിത്രമാണ് ചാലക്കുടി നഗരസഭയിലേത്. 70 കൾ മുതൽ യു.ഡി.എഫും എൽ.ഡി.എഫും ഏതാണ്ട് തുല്യ ശക്തിയിൽ പോരാട്ടം നടക്കാറുണ്ട്. വിജയികളാകുന്ന മുന്നണികൾക്ക് ഏതാനും സീറ്റുകളുടെ മുൻതൂക്കമേ ലഭിക്കാറുള്ളൂ. ചില കാലഘട്ടങ്ങളിൽ ഭരണത്തിൽ ചാഞ്ചാട്ടങ്ങൾ സൃഷ്ടിക്കാറുമുണ്ട്.
2010ൽ യു.ഡി.എഫ് ഭരിച്ച ചാലക്കുടി നഗരസഭയിൽ 2015ൽ ഇടതുപക്ഷത്തെ തുണച്ചു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ 35 സീറ്റിൽ 26 സീറ്റും നേടി യു.ഡി.എഫ് തിരിച്ചുവന്നു. ഭരണസമിതിയുടെ അവസാന കാലഘട്ടമായപ്പോഴേക്കും മൂന്ന് അംഗങ്ങൾ കൂടി യു.ഡി.എഫ് പക്ഷത്തേക്ക് ചേർന്നു. ഇത്തവണ രണ്ട് വാർഡുകൾ വർധിച്ച് സീറ്റുകൾ 37 ആയിട്ടുണ്ട്. പ്രധാനമായും ഏറ്റുമുട്ടൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഗാന്ധിനഗർ, കൂടപ്പുഴ ചർച്ച്, സെന്റ് മേരീസ്, മൂഞ്ഞേലി, കോട്ടാറ്റ്, തച്ചുടപറമ്പ് വാർഡുകളിൽ രണ്ടു സ്ഥാനാർഥികൾ മാത്രമേയുള്ളൂ.
എൽ.ഡി.എഫും യു.ഡി.എഫും മാത്രമായി മത്സരരംഗം മാറിയിരിക്കുകയാണ്. അതേ സമയം പോട്ടച്ചിറ, സെന്റ് ജോസഫ്, തിരുമാന്ധാംകുന്ന്, ഗായത്രി ആശ്രമം, കണ്ണമ്പുഴ, ഹൗസിങ് ബോർഡ്, വെട്ടിശ്ശേരിക്കുളം, കരുണാലയം എന്നിവിടങ്ങളിൽ നാല് സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. മൂന്ന് മുന്നണികൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർഥിയോ വിമതൻ സ്ഥാനാർഥിയോ മത്സര രംഗത്ത് ഉണ്ട്.
മൈത്രി നഗർ വാർഡിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. യു.ഡി.എഫിന് വെല്ലുവിളിയായി റിബൽ സ്ഥാനാർഥി ഇവിടെയുണ്ട്. മറ്റ് 17 വാർഡുകളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഏറ്റുമുട്ടുന്നു.
കഴിഞ്ഞ തവണത്തെ വമ്പൻ വിജയത്തിൽ ഇത്തവണ യു.ഡി.എഫ് കൂടുതൽ ആത്മവിശ്വാസത്തിലാണ്. 30 സീറ്റുകളിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം. 2020ൽ എൽ.ഡി.എഫിലെ ചില അനൈക്യം മുതലെടുത്തുകൊണ്ടാണ് മുമ്പ് ഒരു കാലത്തും ലഭിക്കാത്ത സീറ്റുകൾ വാരിക്കൂട്ടിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
ഇത്തവണ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനെ തുറിച്ചു നോക്കുന്നുണ്ട്. ശക്തമായ വിമതശല്യവും നേരിടുന്നുണ്ട്. അതേസമയം, എൽ.ഡി.എഫിൽ മുമ്പെങ്ങും ഇല്ലാത്ത ഐക്യം ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.