നിർമാണം മുടങ്ങിയ കാടുകുറ്റി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്
ചാലക്കുടി: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കാടുകുറ്റി ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനുള്ള പ്ലാൻ മാറ്റിവരക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. ഭരണസമിതി യോഗത്തിലാണ് തീരുമാനം. അശാസ്ത്രീയവും അസൗകര്യം ഉള്ളതുമാണെന്ന് പരാതി ഉയർന്ന പ്ലാൻ ഉപേക്ഷിക്കും. തൃശൂർ എൻജിനീയറിങ് കോളജ് പുതിയ പ്ലാൻ തയാറാക്കും. ഇതിനായി 1,20,000 രൂപ പഞ്ചായത്ത് യോഗം വകയിരുത്തി.
മുൻ എം.എൽ.എ ബി.ഡി. ദേവസ്സിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 2021 ജനുവരിയിലെ കത്തിന്റെ അടിസ്ഥാനത്തിൽ 99 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. തുടർന്ന് ടെൻഡർ നടപടി സ്വീകരിച്ചു. 2021 ജനുവരി 17ന് ജില്ല കലക്ടർ ഭരണാനുമതിയും 2022 ജൂൺ മൂന്നിന് ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ സാങ്കേതികാനുമതിയും നൽകി.
പഴയ പ്ലാൻ പ്രകാരം മൂന്ന് നിലകളോടുകൂടിയ കെട്ടിട സമുച്ചയമായിരുന്നു നിർമിക്കാൻ തീരുമാനിച്ചത്. കരാറുകാരൻ രണ്ടാഴ്ച പണികൾ നടത്തിക്കൊണ്ടിരിക്കെയാണ് നാട്ടുകാർ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി എത്തിയത്. പുതുതായി നിർമിക്കുന്ന ബസ് സ്റ്റാൻഡ് പഴയതിനെക്കാൾ അസൗകര്യം നിറഞ്ഞതാണെന്നായിരുന്നു പ്രധാന പരാതി. പ്രതിഷേധം ശക്തമായപ്പോൾ നിർമാണം നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.