ഇറ്റ്ഫോക്കിൽ കെ.ടി. മുഹമ്മദ് റീജനൽ തിയറ്ററിൽ അരങ്ങേറിയ ‘ചായ്ഗരം’ നാടകത്തിൽനിന്ന്
തൃശൂർ: അസമിലെ തേയില തോട്ടങ്ങളിൽ തൊഴിലെടുക്കുന്ന ഗോത്രങ്ങളുടെ യാത്രയും അതിജീവനവും പോരാട്ടവും പ്രമേയമാക്കിയ ഓർക്കിഡ് തിയറ്ററിന്റെ ‘ചായ്ഗരം’ അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ കൈയടി നേടി.
ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ ചൂഷണങ്ങളും അടിച്ചമർത്തലുകളും അവതരിപ്പിച്ചാണ് നാടകം ജനശ്രദ്ധ നേടിയത്. വാഗ്ദാനങ്ങളിൽ വശീകരിക്കപ്പെട്ട് വിദൂര കിഴക്കൻ അസമിലേക്ക് കുടിയേറുന്ന ഗോത്രവർഗ്ഗക്കാരുടെ ദയനീയാവസ്ഥ സംവിധായകൻ സാഹിദുൽ ഹക്ക് നാടകത്തിൽ ചിത്രീകരിച്ചു.
സ്വന്തം നാട്ടിൽ പ്രതീക്ഷകൾ തകർക്കപ്പെട്ട് മറ്റൊരു നാട്ടിൽ അംഗീകാരത്തിനും അന്തസ്സിനും വേണ്ടി പ്രയത്നിക്കുന്ന ജനവിഭാഗത്തെ ചിത്രീകരിച്ച കലാകാരന്മാരുടെ മികച്ച പ്രകടനം കാഴ്ചക്കാരെ പിടിച്ചിരുത്തി. നിത്യജീവിതത്തിൽ നാം കുടിക്കുന്ന ചൂടുള്ള ചായയുടെ പിന്നിലെ ദുരന്ത കഥയാണ് സംവിധായകൻ ചായ് ഗരം എന്ന നാടകത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചത്.
സമൂഹം നേരിടുന്ന നിരന്തര പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംവിധായകൻ സാഹിദുൽ ഹഖ് പറഞ്ഞു. ചായ് ഗരത്തിന്റെ അണിയറയിൽ പ്രവർത്തിച്ച വസ്ത്രാലങ്കാരം-റിംജേ ദേക, ശബ്ദം -ആദിൽ ഹുസൈൻ, സംഗീത സംവിധാനം -ബേദാന്ത ബോർപത്ര, ഭാസ്കർ ജ്യോതി കോൺവാർ തുടങ്ങിയവരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.