തൃശൂർ: ബി.എസ്.എൻ.എല്ലിന്റെ ഇ-സിം ഒക്ടോബർ ഒന്ന് മുതൽ ജില്ലയിലെ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങുമെന്ന് സീനിയർ ജനറൽ മാനേജർ എം.എസ്. ഹരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി ടവറുകൾ സ്ഥാപിക്കൽ ജില്ലയിൽ ഏകദേശം പൂർത്തിയായി. 560ഓളം ടവറുകളിൽ നിലവിലുള്ള 4 ജിക്ക് പുറമെ തദ്ദേശീയമായി വികസിപ്പിച്ച 4 ജി ഉപകരണങ്ങൾ സ്ഥാപിച്ചു. കൂടുതൽ ടവറുകളും 5 ജിയിലേക്ക് വൈകാതെ മാറും.
മറ്റ് മൊബൈൽ ദാതാക്കളുടെ സേവനങ്ങളൊന്നും ലഭ്യമാക്കാത്ത മേഖലകളിൽ 17 പുതിയ 4 ജി ടവറുകൾ സ്ഥാപിച്ചു. അതിരപ്പിള്ളി- വാൽപ്പാറ റൂട്ടിലും വരന്തരപ്പിള്ളി മേഖലയിലും പീച്ചി വന്യജീവി മേഖലയിലുമായാണ് ഇവ സ്ഥാപിച്ചത്. ഇതോടെ ഇവിടങ്ങളിലെ വിദ്യാർഥികൾക്ക് അടക്കം 4 ജി സേവനം ലഭ്യമായി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30ന് രാവിലെ ഒമ്പതിന് തൃശൂർ മെഡിക്കൽ കോളജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തും. സൗജന്യ നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് എന്നിവയും നടക്കും. ഒക്ടോബർ ഒന്നിന് കോവിലകത്തുംപാടത്തെ ജനറൽ മാനേജർ ഓഫിസിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കും. ഒക്ടോബർ മൂന്നിന് വൈകീട്ട് നാലിന് ബൈക്ക് റാലി നടത്തും. ഇൻസ്റ്റലേഷൻ, മോഡം ചാർജുകൾ ഇല്ലാതെ മാസ വാടക മാത്രം നൽകുന്ന അമെൻഡഡ് ഭാരത് നെറ്റ് ഉദ്യമി, സമൃദ്ധ് പഞ്ചായത്ത് പദ്ധതി, വിദ്യാമിത്രം പദ്ധതി തുടങ്ങിയവയും നടപ്പാക്കുന്നുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വി. രവിചന്ദ്രൻ, ദുർഗ രാമദാസ്, മോളി പോൾ, എ.ജി.എം ടി.ജി. ജോഷി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.