കൊടകര: നാലുപതിറ്റാണ്ടുമുമ്പുവരെ ഗ്രാമാന്തരങ്ങളെ അത്ഭുതപ്പെടുത്തിയിരുന്ന സൈക്കിള്‍ യജ്ഞം മറ്റത്തൂരിലെ മോനൊടി ഗ്രാമത്തില്‍ വീണ്ടുമെത്തി. കര്‍ണാടകയില്‍ നിന്നുള്ള ആറംഗ സംഘമാണ് വിസ്മയിപ്പിക്കും പ്രകടനങ്ങളുമായി മോനൊടി ഗ്രാമത്തിന്റെ രാവുകളെ ത്രസിപ്പിച്ചത്.
കര്‍ണാടകയിലെ മൈസൂരു, ഹാസന്‍ എന്നിവിടങ്ങില്‍ നിന്നുള്ളവരടങ്ങിയ മൈസൂര്‍ ലക്ഷ്മണകുമാര്‍ കലാതണ്ഡമാണ് മോനൊടി കനാല്‍പരിസരത്തുള്ള നടനകലാവേദി ഓഫിസിനു മുന്നില്‍ സൈക്കിള്‍ അഭ്യാസവും നൃത്തപരിപാടികളും അവതരിപ്പിച്ചത്. 30 കാരനായ മൈസൂര്‍ മഞ്ജുനാഥും ബെല്ല്, ബ്രേക്ക്, മഡ്ഗാര്‍ഡ് എന്നിവ നീക്കി രൂപമാറ്റം വരുത്തിയ സൈക്കിളുമാണ് സൈക്കിള്‍ യജ്ഞത്തിലെ മുഖ്യതാരങ്ങള്‍. നാലുചക്രവാഹനങ്ങളുടെ സ്റ്റിയറിങ് പോലെ ഹാന്‍ഡിലുള്ള സൈക്കിളിലിരുന്ന് അസാമാന്യ മെയ് വഴക്കത്തോടെ മൈസൂര്‍ മഞ്ജുനാഥും സഹപ്രവര്‍ത്തകരായ ലക്ഷ്മണ, ഗോപിനാഥന്‍ എന്നിവരും ചേര്‍ന്ന് കാഴ്ച വെച്ച അഭ്യാസ പ്രകടനങ്ങള്‍ കാണികളെ വിസ്മയം കൊള്ളിച്ചു.
തമിഴ്, ഹിന്ദി, മലയാളം ഹിറ്റ് പാട്ടുകള്‍ക്കനുസരിച്ചുള്ള നൃത്തപരിപാടികളും അരങ്ങേറി. സംഘത്തിലെ രാധ, തേജാവതി എന്നിവരും ചുവടുവെച്ചു. വര്‍ണവിളക്കുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച തൂണിനു ചുറ്റും വൃത്താകൃതിയില്‍ രൂപപ്പെടുത്തിയ ചെറിയ മൈതാനത്തിലാണ് സൈക്കിൾ യജ്ഞം അരങ്ങേറിയത്. മണ്ണിനടിയില്‍ കുഴിച്ചിട്ടയാള്‍ അരമണിക്കൂറിനു ശേഷം ജീവനോടെ പുറത്തുവരുന്നതും നെഞ്ചില്‍ ട്യൂബ് ലൈറ്റുകള്‍ അടിച്ചുടക്കല്‍, വെള്ളം നിറച്ച കുടം കടിച്ചുപിടിച്ചു കൊണ്ട് സൈക്കിളില്‍ വലം വെക്കല്‍ തുടങ്ങിയ സാഹസിക പ്രകടനങ്ങളും ഇവര്‍ കാഴ്ചവെച്ചു. മലപ്പുറത്തെ മഞ്ചേരിയില്‍നിന്ന് ചൊവ്വാഴ്ച മോനൊടിയിലെത്തിയ കര്‍ണാടക സൈക്കിള്‍ യജ്ഞക്കാര്‍ ഇവിടെ തമ്പടിച്ച് രണ്ടുദിവസമാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.
രാത്രി ഏഴര മുതല്‍ പത്തുവരെയാണ് പ്രകടനം. അഭ്യാസ പ്രകടനവുമായി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇവര്‍ പര്യടനം നടത്തിയിട്ടുണ്ട്. കാണികള്‍ നല്‍കുന്ന ചെറിയ തുകകളാണ് വരുമാനം. എണ്‍പതുകളുടെ അവസാനം വരെ നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന സൈക്കിള്‍ യജ്ഞം ടെലിവിഷനടക്കമുള്ള നവ വിനോദ ഉപാധികള്‍ വന്നതോടെയാണ് നാമാവശേഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.