തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനം നിറക്കാനാവാതെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്തേക്ക്. കുടിശ്ശികയെ തുടർന്ന് പമ്പുകളിൽനിന്ന് ഇനി ഇന്ധനം അനുവദിക്കാനാവില്ലെന്ന ‘അതൃപ്തി’ പമ്പുടമകൾ പൊലീസുകാരോട് കാണിച്ചതോടെ തൃശൂർ സിറ്റി കമീഷണറേറ്റിലെ നാല് വാഹനങ്ങൾ ഷെഡിൽ കയറ്റിയിട്ടു.
മറ്റ് വാഹനങ്ങളും ഇന്ധന പരിമിതിയിൽ സർവിസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. പട്രോളിങ് അടക്കം ഇതിൽ വെട്ടിച്ചുരുക്കിയിട്ടുണ്ട്. അത്യാവശ്യ സർവിസുകളല്ലാതെ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് പൊലീസ് സേനാംഗങ്ങൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പൊലീസ് വാഹനത്തിന് നൽകുന്ന ഇന്ധനം ഒരു ജീപ്പിന് 10 ലിറ്റർ ആയി പരിമിതപ്പെടുത്തിയിരുന്നു. ഇത് പട്രോളിങ്ങിനെ അടക്കം ബാധിച്ചതോടെ പ്രതിഷേധമുയർന്നു.
തുടർന്നാണ് വീണ്ടും കൂടുതൽ അനുവദിച്ചു തുടങ്ങിയത്. പമ്പുകളിൽ 10 മുതൽ 20 ലക്ഷം രൂപ വരെ കുടിശ്ശികയായിട്ടുണ്ട്. ജില്ല ആസ്ഥാനത്തുനിന്ന് തുക അനുവദിക്കാനുള്ള അപേക്ഷ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്ന് അനുവദിക്കാത്തതാണ് പ്രശ്നമെന്നും പറയുന്നു.
ഇന്ധന പ്രതിസന്ധിയിൽ പലരും പോക്കറ്റിൽനിന്ന് പണമെടുത്താണ് പൊലീസ് വാഹനത്തിൽ ഇന്ധനം നിറച്ച് അവശ്യ സർവിസുകൾ നടത്തുന്നത്. ഇന്ധനമില്ലാത്തത് സേനയുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. വേനൽക്കാലമായതോടെ തീപിടിത്തമടക്കമുള്ള അപകട സാഹചര്യങ്ങളിൽ അഗ്നിരക്ഷ സേനക്കൊപ്പം പലയിടത്തും പൊലീസും എത്തേണ്ടതുണ്ട്. മുഴുവൻ സമയം പട്രോളിങ് നടക്കേണ്ടയിടങ്ങളിൽ പോലും ഇത് പേരിന് മാത്രമാക്കി മാറ്റിയിട്ടുണ്ട്.
അടിയന്തരമായി പണമനുവദിച്ച് പമ്പുകളിലെ കുടിശ്ശിക തീർക്കാനായില്ലെങ്കിൽ മറ്റ് സ്റ്റേഷനുകളിലെയടക്കം വാഹനങ്ങൾ ഉടൻ കട്ടപ്പുറത്തേറുമെന്ന സൂചനയാണ് സേന വൃത്തങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.