ആറാട്ടുപുഴ: സി.പി.എം. ആറാട്ടുപുഴ വടക്ക് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യത കൽപച്ച പ്രതിനിധിക്കടക്കം തോൽവി. ഔദ്യോഗിക പാനലിലെ മൂന്ന് പേർ പരാജയപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ നാലു ബ്രാഞ്ചു സെക്രട്ടറിമാരുൾപ്പെടെ അഞ്ചു പേരാണ് എതിരായി മത്സരിച്ചത്. ഇതിൽ മൂന്നു പേർക്ക് വിജയിക്കാനായി. നിലവിലെ ലോക്കൽ കമ്മിറ്റിക്കെതിരെ നിരവധി വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്.
നിലവിലെ കമ്മിറ്റിയിൽ മാറ്റം വേണമെന്നു ഭൂരിഭാഗം പ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ വന്നതോടെയാണ് സമ്മേളനം മത്സരത്തിലേക്ക് പോയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിലും 12 ആം വാർഡിലും പാർടി പരാജയപ്പെട്ടത് സമ്മേളനത്തിൽ ചർച്ചാ വിഷയമായി. കോൺഗ്രസിൻ്റെ വിമത സ്ഥാനാർഥി വിജയിച്ച 12-ാം വാർഡിൽ പാർടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ജയസാധ്യത ഉണ്ടായിരുന്ന ഒന്നാം വാർഡിലെ പരാജയവും കമ്മിറ്റിയുടെ വീഴ്ച മൂലം ഉണ്ടായതാണെന്ന് അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
നിലവിലെ കമ്മിറ്റിയിൽ ഉണ്ടായിരുന്നവരുടെ ഗുരുതര വീഴ്ചകളും ചർച്ചാ വിഷയമായി. ഔദ്യോഗിക പാനലിൽ നിന്നും ചിലരെ ഒഴിവാക്കണമെന്ന് സമ്മേളനത്തിൻ്റെ പൊതുവികാരമായി മാറിയിട്ടും നേതൃത്വം വഴങ്ങിയില്ല. തുടർന്നാണ് മൽസരത്തിന് കളമൊരുങ്ങിയത്. ബ്രാഞ്ച് സെക്രട്ടറിമാരായ സ്മിതാ രാജേഷ്, സുനിൽ, എം. സന്തോഷ്‌കുമാർ, ബിമൽ റോയി, കർഷകസംഘം മേഖലാ സെക്രട്ടറി എസ്. ഷൈജു എന്നിവരാണ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചത്. ഇതിൽ ഷൈജു മൂന്ന് വോട്ടിനും ബിമൽറോയി ആറ് വോട്ടിനും പരാജയപ്പെട്ടു.
ഔദ്യോഗിക പാനലിൽ നിന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഉദ്ദേശിച്ചിരുന്ന പല്ലന കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. കെ. ഖാനും കെ. ജലധരനും രജി. കെ.ശശിയുമാണ് പരാജയപ്പെട്ടത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടന്നു. നിലവിലെ കമ്മിറ്റിയുടെ പ്രതിനിധിയായി മൽസരിച്ച ഷൈലേന്ദ്രനേക്കാൾ നാല് വോട്ട് അധികം നേടി എതിർ പക്ഷത്തെ വി.സുഗതൻ വിജയിച്ചു. ആറാട്ടുപുഴ തെക്ക് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മൽസരത്തിന് കളമൊരുങ്ങിയ സാഹചര്യത്തിൽ സമ്മേളനം മാറ്റിവെക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.