അന്തിക്കാട്: മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരവധി മാല മോഷണക്കേസിലെ പ്രതിയായ ജാക്കി ബിനുവിനെ (42)യാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. മറ്റ് മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബിനുവിനെ മണ്ണാർക്കാടുനിന്നും സാഹസികമായി പിടികൂടിയത്.
ഇക്കഴിഞ്ഞ ഏഴിന് ഉച്ചയോടെയാണ് പണവുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന വാടാനപ്പള്ളിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ അക്ഷയ് പ്രതാപ് പവാറിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി മുളക് സ്പ്രേ കണ്ണിലടിച്ചു മൂന്ന് ലക്ഷം കവന്നത്.
സംഭവശേഷം മുങ്ങിയ ബിനു പല സ്ഥലങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച രാവിലെ പാലക്കാട് കോഴിക്കോട് ഹൈവേയിൽ വെച്ച് സ്കൂട്ടർ തടഞ്ഞുപിടികൂടുകയായിരുന്നു. സ്കൂട്ടറിൽനിന്ന് ഇറങ്ങിയോടിയ ബിനുവിനെ പൊലീസ് സംഘം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
ബിനു കൊടകര, അന്തിക്കാട്, ചാലക്കുടി, വലപ്പാട്, ഒല്ലൂർ, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണ കേസുകളും കവർച്ചകേസുകളും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മഞ്ചേരിയിൽ എട്ടുലക്ഷം രൂപ കുഴൽ പണം തട്ടിയ കേസിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ബിനുവിനെതിരെ വാറണ്ട് നിലവിലുണ്ട്.
ഈ കേസിലെ പ്രതികളായ അർജുൻ, ബോബി ഫിലിപ്പ്, ഗ്ലിവിൻ ജെയിംസ് എന്നിവരെയാണ് നേരത്തെ പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജു, അന്തിക്കാട് എസ്.എച്ച്.ഒ കേഴ്സൺ വി. മാർക്കോസ്, എസ്.ഐ അഫ്സൽ, മറ്റ് പൊലീസുകാരായ ജീവൻ, ഉമേഷ്, കിരൺ രഘു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.