തൃശൂർ-വാടാപ്പള്ളി റോഡിൽ അപകടത്തിൽ തകർന്ന കാർ
തൃശൂർ: തിരുപ്പിറവി ആഘോഷത്തിന് പിന്നാലെ കണ്ണീർ വാർത്ത് ജില്ല. ക്രിസ്മസ് നാളിലും പിറ്റേന്നുമായി വിവിധയിടങ്ങളിലുണ്ടായത് 12 അപകടങ്ങളും അതിൽ എട്ട് മരണങ്ങളും. രണ്ടുപേർ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. ക്രിസ്മസ് നാളിൽ വാണിയംപാറ ആനവാരി പീച്ചി റിസർവോയറിൽ 41കാരനും തിങ്കളാഴ്ച ആമ്പല്ലൂർ ചിറ്റിശേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരനുമാണ് മരിച്ചത്.
പീച്ചി റിസർവോയറിൽ വാണിയംപാറ പാലാപറമ്പിൽ കുര്യാക്കോസും (41) ചിറ്റിശേരിയില് മുത്തുപ്പീടിക സെബിന്റെ മകന് ആഷ്ലിനും (15) ആണ് മരിച്ചത്. അരിമ്പൂർ എറവിൽ കാർ ബസിലിടിച്ച് കുടുംബത്തിലെ നാലുപേരും, പൂങ്കുന്നത്ത് ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ച് മണ്ണുത്തി മുളയം സ്വദേശി സനൽ (24), വടക്കാഞ്ചേരിയിൽ റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ ബസ് ഇടിച്ച് വയോധികനുമാണ് മരിച്ചത്.
പൂങ്കുന്നത്തെ അപകടത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ഗുരുതര നിലയിലാണ്. ചേർപ്പ് ഊരകത്ത് അഞ്ചോവ് പാലത്തിന് സമീപമുണ്ടായ അപകടത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ എട്ടുമന സ്വദേശി ചിയത്ത് വീട്ടില് അനസ്, ചേർപ്പ് ചൊവ്വൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചൊവ്വൂർ സ്വദേശികളായ കടയാടി വീട്ടിൽ ഉണ്ണികൃഷ്ണൻ (48), നിനൽ കൃഷ്ണ (10) എന്നിവർക്കും പരിക്കേറ്റു.
ചേർപ്പ് പാലം ബസ്റ്റോപ്പിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കനാൽ കളിച്ചത്ത് വീട്ടിൽ ഹരീഷിന് (34) പരിക്കേറ്റു. കാഞ്ഞാണി മൂന്നും കൂടിയ സെന്ററിൽ നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നു വീണ് കാഞ്ഞാണി സ്വദേശികളായ ചക്കുവളപ്പിൽ അഖിലിനും (30), മറ്റൊരു യുവാവിനും പരിക്കേറ്റു.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേച്ചേരിയിൽ പെരുമണ്ണ് അമ്പലത്തിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് എരനെല്ലൂർ സ്വദേശി അരിയംപുറത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ നിഖിലിനെ (29) മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂരിൽ ബാബു ലോഡ്ജിന് മുൻവശത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുവായൂർ പള്ളിപ്പുറത്ത് വീട്ടിൽ അനീഷ് (40), ആലുവ സ്വദേശി ബാബു (41) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആദ്യം ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിലും പിന്നീട് തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേച്ചേരി തലക്കോട്ടുകര വിദ്യ കോളജ് വഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മണലി സ്വദേശി അമ്പലത്ത് വീട്ടിൽ സാഹിദിന്റെ മകൻ സൈദിനെ (27) മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ: ഒരു കുടുംബത്തിലെ നാലുപേരുടെ ജീവനെടുത്ത അപകടം കൂടിയാവുമ്പോൾ തൃശൂർ-കാഞ്ഞാണി റോഡിന്റെ ‘അപകടമരണപ്പട്ടിക’യുടെ അഞ്ചുവർഷത്തെ കണക്കിൽ മുന്നൂറിലേറെ അപകടങ്ങളും 35 മരണവുമായി.
ഒന്നര പതിറ്റാണ്ടിലെത്തിയ റോഡ് വികസന ആവശ്യത്തിൽ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് പ്രവൃത്തികൾ. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടൻക്കണ്ടത്തിന്റെ നിയമനടപടികളിൽ ഹൈകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ 2021 ഡിസംബർ 31നകം പണികൾ പൂർത്തീകരിക്കുമെന്നാണ് നൽകിയിരുന്നതെങ്കിലും ഇപ്പോഴും എവിടെയുമെത്താതെ നീങ്ങുകയാണ്.
അഞ്ചുവർഷത്തിനുള്ളിൽ 300ലധികം അപകടങ്ങളും 35 മരണങ്ങളും സംഭവിച്ചുവെന്ന് കണക്കുകൾ സഹിതമാണ് കോടതിയിൽ നൽകിയിരിക്കുന്നത്. മാറി മാറിയെത്തുന്ന ഭരണ-പ്രതിപക്ഷ കക്ഷികളൊക്കെ അവകാശവാദമുന്നയിക്കുന്നതാണ് റോഡ് വികസനം.
എന്നാൽ, ഭൂമി ഏറ്റെടുപ്പിൽ തന്നെ കല്ലുകടിയാവും. തൃശൂർ-എറവ് ഭാഗത്തെ ഭൂമി ഏറ്റെടുക്കലിനും റോഡ് വീതി കൂട്ടി പണിയുന്നതിനും 58 കോടിയും എറവ് - കാഞ്ഞാണി ഭാഗത്തെ ഭൂമി ഏറ്റെടുക്കലിനും റോഡ് വീതി കൂട്ടി പണിയുന്നതിനും 150 കോടിയും വരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ തന്നെ എസ്റ്റിമേറ്റ്.
കഴിഞ്ഞ ആറ് ബജറ്റിലും മാറ്റിവെച്ച തുകയാവട്ടെ വെറും 100 രൂപ മാത്രം. റവന്യൂ മന്ത്രി കെ. രാജൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.പി സി.എൻ. ജയദേവൻ, ടി.എൻ. പ്രതാപൻ എം.പി, തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ തുടങ്ങി നിരവധിയാളുകൾ ഈ റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നവരായിട്ടും ഗൗരവപൂർവം ഇടപെടലുണ്ടായില്ലെന്ന വിമർശനമുണ്ട്.
അരിമ്പൂർ: തൃശൂർ -വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് ഭാഗത്തെ റോഡിലെ വീതി കുറവാണ് നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയത്.
പടിഞ്ഞാറെ കോട്ട മുതൽ അരിമ്പൂർ കപ്പൽ പള്ളി വരെ റോഡ് വീതികൂട്ടി വികസിപ്പിച്ചിട്ടും പിന്നീട് എറവ് - കാഞ്ഞാണി - വാടാനപ്പള്ളി വരെ റോഡ് വീതി കൂട്ടാൻ നടപടിയുണ്ടായില്ല. റോഡ് ടാർ ചെയ്തെങ്കിലും അരിമ്പൂർ മുതൽ വീതി കൂട്ടിയില്ല. വീതി കുറഞ്ഞ റോഡിലൂടെ അമിതമായുള്ള പാച്ചിലിലാണ് അപകടം വരുത്തിയത്.
കാർ സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ശക്തിയിൽ കാർ പൂർണമായും തകർന്ന് എല്ലാവരും തൽക്ഷണം മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. റോഡ് നന്നാക്കിയതോടെ ഇതിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. റോഡ് വീതി കൂട്ടാനുള്ള വർഷങ്ങളോളമായുള്ള മുറവിളിക്ക് പരിഹാരമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.